'പൗരത്വ വിരുദ്ധ നിമയമ' പ്രക്ഷോഭത്തിൽ ഞാനുമുണ്ടാകും; അസമിൽ ബി.ജെ.പി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു

അസമിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പി, അസോം ഗണ പരഷിദ് (എ.ജി.പി) എന്നീ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളാണ് പുറത്തുപോയത്

ഗുവാഹത്തി: രാജ്യം മുഴുവൻ പ്രതിഷേധം അലയടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ ബി.ജെ.പിക്കകത്തും എതിർശബ്ദമുയരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഒരു കൂട്ടം നേതാക്കൾ ബി.ജെ.പി വിട്ടു.

അസമിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പി, അസോം ഗണ പരഷിദ് (എ.ജി.പി) എന്നീ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളാണ് പുറത്തുപോയത്. നിരവധി പ്രവർത്തകർ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനുശേഷം തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചിട്ടുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്ന പുതിയ നിയമത്തിനെതിരെ ജനങ്ങളുടെ താൽപര്യം മനസ്സിലാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് രാജി. സംസ്ഥാന സർക്കാരിന്റെ അസം പെട്രോകെമിക്കൽ ലിമിറ്റഡിന്റെ ചെയർമാനും ബി.ജെ.പി മുതിർന്ന നേതാവുമായ ജഗതിഷ് ഭുയാൻ ഇന്നലെ തന്റെ പാർട്ടി അംഗത്വവും ബോർഡ് സ്ഥാനവും രാജിവെച്ചു. 'പൗരത്വ ഭേദഗതി നിയമം അസം ജനതയ്ക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പാർട്ടി വിടാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ മുതൽ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭത്തിൽ ഞാനും പങ്കാളിയാകും.'-രാജി പ്രഖ്യാപനത്തിനു ശേഷം ഭുയാൻ പറഞ്ഞു.

അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോർപ്പറേഷൻ ചെയർമാനുമായ ജതിൻ ബോറയും രവി ശർമ്മയും ബി.ജെ.പി വിട്ടതിന് പിന്നാലെയാണ് ഭുയാനിന്റെ രാജി. 'എന്ന ഞാനാക്കിയത് അസം ജനതയാണ്. എനിക്ക് ലഭിച്ച സ്ഥാനവും പാർട്ടി അംഗത്വും രാജിവെക്കുകയാണ്. ജനങ്ങൾക്കൊപ്പം ഞാനുമുണ്ടാകും.'- ജതിൻ ബോറ പറഞ്ഞു.

മുൻ നിയമസഭാ സ്പീക്കർ പുലകേശ് ബരുവ വെള്ളിയാഴ്ച ബി.ജെ.പി അംഗത്വം രാജിവച്ചിരുന്നു. ജമുഗുരിഹതിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ പദ്മ ഹസാരികയും പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടതായി പ്രഖ്യാപിച്ചിരുന്നു. 'എന്റെ മണ്ഡലത്തിലെ ജനങ്ങൾ പൗരത്വ നിയമത്തിനെതിരാണ്. അവർ എന്നോടും അവർക്കൊപ്പം പ്രതിഷേധത്തിൽ പങ്കുചേരാൻ ആവശ്യപ്പെട്ടു. അതുകൊണ്ട് ബി.ജെ.പി അംഗത്വം ഞാൻ രാജിവയ്ക്കുകയാണ്.'-പദ്മ ഹസാരിക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന സംശയങ്ങളും ആശങ്കകളും പ്രതിഷേധങ്ങളും അടിസ്ഥാനരഹിതമല്ലെന്ന് അസം സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമിയും വ്യക്തമാക്കിയിരുന്നു.വിവിധ ജാതികൾക്കും സമുദായങ്ങൾക്കും ഭാഷകൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള ശക്തമായ സാദ്ധ്യത ഇത്തരമൊരു നിയമത്തിന് പിന്നിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പരാതികളും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>