2024ല്‍ ബി.ജെ.പിയുടെ ലക്ഷ്യം 333 സീറ്റുകള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി സ്വാധീന മണ്ഡലങ്ങളിലായിരിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു

2024ല്‍ ബി.ജെ.പിയുടെ ലക്ഷ്യം 333 സീറ്റുകള്‍

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലക്ഷ്യംവെക്കുന്ന സീറ്റുകളുടെ എണ്ണം 333 ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആന്ധ്രാപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുമുള്ള സുനില്‍ ദിയോധര്‍ പറഞ്ഞു. 2014ല്‍ പാര്‍ട്ടിക്ക് 282 സീറ്റുകളും ഈ വര്‍ഷം 303 സീറ്റുകളുമായിരുന്നു ലഭിച്ചത്.

''അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി സ്വാധീന മണ്ഡലങ്ങളിലായിരിക്കും. 333 സീറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചാല്‍, ഈ കടലോര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കും. ഇതിനായി ഹിന്ദി, തെലുങ്ക് ഭാഷകള്‍ പഠിക്കാന്‍ ആരംഭിച്ചതായും'' അദ്ദേഹം വ്യക്തമാക്കി. പ്രചാരണ പരിപാടികളില്‍ അണികളെ കൈയിലെടുക്കുന്നതിനു വേണ്ടിയാണ് ഇത്. 'നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍, ഭാഷ പഠിക്കേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് ബി.ജെ.പി പദ്ധതി. ഈ സംസ്ഥാനങ്ങളില്‍ ഇക്കുറി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയില്‍ 28ല്‍ 25 സീറ്റും തെലങ്കാനയില്‍ 17ല്‍ നാലു സീറ്റും നേടിയപ്പോള്‍ തമിഴ്നാട്, കേരള, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം പശ്ചിമബംഗാളില്‍ 2014ല്‍ രണ്ട് സീറ്റുകള്‍ മാത്രം ഉണ്ടായിരുന്ന ബി.ജെ.പിക്ക് ഇക്കുറി 18 സീറ്റുകളാണ് ലഭിച്ചത്.

'താഴെ തട്ട് മുതല്‍ പാര്‍ട്ടി അടിത്തറ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. പാര്‍ട്ടിയും ആര്‍.എസ്.എസും ചേര്‍ന്ന് ഓരോ മേഖലയിലെയും പ്രശ്നങ്ങള്‍ കണ്ടെത്തും. സഖ്യം ഉണ്ടാക്കാതെ പാര്‍ട്ടിയെ വിപുലപ്പെടുത്താനാണ് ശ്രമിക്കുക' ബി.ജെ.പി നേതാവ് പറഞ്ഞു. ആന്ധ്രാപ്രദേശില്‍ ബി.ജെ.പിക്ക് 0.9% വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേസമയം നോട്ടക്ക് 1.49% വോട്ടും ലഭിച്ചു. തെലങ്കാനയിലും തമിഴ്നാട്ടിലും ബി.ജെ.പി പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനാണ് ശ്രമിച്ചത്. കര്‍ണാടകയില്‍ ജാതീയതയും ഉയര്‍ത്തിക്കാട്ടി വോട്ടുപിടിച്ചു. ലിങ്കായത്ത് (ഉയര്‍ന്ന ജാതി), പിന്നാക്ക വര്‍ഗ്ഗ വോട്ടുകളാണ് കര്‍ണാടയില്‍ ബി.ജെ.പിയെ തുണച്ചത്. കേരളത്തില്‍ ശബരിമല വിഷയം ആളിക്കത്തിച്ചും ബി.ജെ.പി വോട്ടുനില ഉയര്‍ത്തി.

Read More >>