അയോദ്ധ്യയ്ക്ക് പോവേണ്ട, രാഹുൽ ഗാന്ധിയെ കൂട്ടി ഹജ്ജിന് പൊയ്‌ക്കൊള്ളൂ; ഉദ്ധവ് താക്കറെയോട് നരസിംഹറാവു

പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്‌ലിംകളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുമെന്ന് റാവത്ത് വ്യക്തമാക്കിയത്

അയോദ്ധ്യയ്ക്ക് പോവേണ്ട, രാഹുൽ ഗാന്ധിയെ കൂട്ടി ഹജ്ജിന് പൊയ്‌ക്കൊള്ളൂ; ഉദ്ധവ് താക്കറെയോട് നരസിംഹറാവു

ന്യൂഡൽഹി: അയോദ്ധ്യ സന്ദർശനത്തിനൊരുങ്ങിയ ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹറാവു. അയോദ്ധ്യയിലേക്ക് പോകേണ്ടതില്ലെന്നും പകരം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൂട്ടി ഹജ്ജിന് പൊയ്‌ക്കൊള്ളൂവെന്നും നരസിംഹ റാവു പറഞ്ഞു.

"അയോദ്ധ്യയിലേക്ക് പോകുന്നതിനു പകരം ഉദ്ധവ് താക്കറെ ഹജ്ജ് യാത്ര ബുക്ക് ചെയ്തുകൊള്ളൂ. രാഹുൽ ഗന്ധിയെക്കൂട്ടി ഹജ്ജിനു പൊയ്‌ക്കൊള്ളൂ, അതാണ് അദ്ദേഹത്തിന്റെ നിലവിലെ രാഷ്ട്രീയത്തിനു ചേർന്നത്."- റാവു പറഞ്ഞു. കോൺഗ്രസിന്റേയും എൻ.സി.പിയുടേയും കൂട്ടുകെട്ടിലാണ് ഉദ്ധവ് താക്കറെ ഇപ്പോഴുള്ളത്. കോൺഗ്രസിന്റേയും രാഹുൽ ഗാന്ധിയുടേയും കാരുണ്യം കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ ഉദ്ധവിനു കഴിഞ്ഞതെന്നും റാവു പറഞ്ഞു.

"അയോദ്ധ്യ സന്ദർശിക്കുന്നതിലൂടെ ഉദ്ധവ് താക്കറെ പാപം ചെയ്യുകയല്ലാതെ ആർക്കും ഒരു ഉപകാരവും ചെയ്യുന്നില്ല. രാഹുൽ ഗാന്ധിക്കൊപ്പം അദ്ദേഹം ഇഷ്ടപ്പെടുന്ന സ്ഥലത്തേക്ക് പോകണം. കാരണം ഇന്ന് ഉദ്ദവ് താക്കറെ തന്റെ പിതാവിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നില്ല. ഏതാനും ആഴ്ച്ചകൾക്കുമുമ്പ് മുതൽ അദ്ദേഹം അത് ഉപേക്ഷിച്ചു."- റാവു പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. മാർച്ച് ഏഴിന് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ഭരണത്തിലേറി 100 ദിവസം പിന്നിടുന്നതിന്റെ അനുഗ്രഹം തേടാനാണ് ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് ഉദ്ധവ് താക്കറെ ഇതുവരെ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

റാവുത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പോകുമ്പോൾ രാഹുൽ ഗാന്ധിയെക്കൂടി ഒപ്പം കൂട്ടിക്കൊള്ളാൻ ബി.ജെ.പി ഉദ്ധവിനോട് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നരസിംഹറാവു രംഗത്തെത്തിയത്.

മതേതര കാഴ്ചപ്പാടിൽ നിന്നു ശിവസേന പഴയ ഹിന്ദുത്വ നിലപാടിലേക്കു തന്നെ തിരിച്ചുപോകുന്നതിന്റെ ലക്ഷണമാണോ അയോദ്ധ്യ സന്ദർശനമെന്ന് ഇതിനോടകം ചോദ്യമുയർന്നിട്ടുണ്ട്. മഹാ വികാസ് അഘാഡി (ശിവസേന-കോൺഗ്രസ്-എൻ.സി.പി) സർക്കാരിന്റെ 100 ദിവസം പൂർത്തിയാകുന്ന വേളയിൽ താക്കറെ അയോദ്ധ്യ സന്ദർശിക്കുമെന്ന് ശിവസേന നേരത്തെ അറിയിച്ചിരുന്നു.

Read More >>