മായാവതിക്ക് തിരിച്ചടി; രാജസ്ഥാനിൽ മുഴുവൻ ബി.എസ്.പി എം.എൽ.എമാരും കോൺഗ്രസിലേക്ക്

രാജസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 100 സീറ്റുകളാണ് ലഭിച്ചത്

മായാവതിക്ക് തിരിച്ചടി; രാജസ്ഥാനിൽ മുഴുവൻ ബി.എസ്.പി എം.എൽ.എമാരും കോൺഗ്രസിലേക്ക്

ജയ്പുർ: മായാവതിക്ക് കനത്ത തിരിച്ചടി നൽകി രാജ്സ്ഥാനിലെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) യിലെ ആറ് എം.എൽ.എമാരും കോൺഗ്രസിൽ ചേർന്നു. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖാൻ സിങ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖെരിയ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നിയമസഭാ സ്പീക്കർ സി.പി ജോഷിയെ കണ്ട എം.എൽ.എമാർ കോൺഗ്രസിൽ ചേരുന്നതായുള്ള കത്ത് അദ്ദേഹത്തിന് സമർപ്പിച്ചു.

'സാമുദായിക ശക്തികൾക്കെതിരെ പോരാടാനും സംസ്ഥാനത്തിന്റെ വികസനത്തിനും സർക്കാരിന്റെ സ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കാനും ഞങ്ങൾ ഒരു തീരുമാനം എടുത്തു. അശോക് ജി ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്, രാജസ്ഥാനിൽ അദ്ദേഹത്തെക്കാൾ മികച്ചവനാകാൻ ആർക്കും കഴിയില്ല. അദ്ദേഹത്തിന്റെ പ്രവർത്തനരീതിയും രാഷ്ട്രീയവും എന്നെ ആകർഷിച്ചു.'-ഉദയ്പുർവാതിയിൽ നിന്നുള്ള എം.എൽ.എ രാജേന്ദ്ര ഗുഡ് പറഞ്ഞു.

അതേസമയം, പുറത്തുനിന്ന് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് നദ്ബായ് എം.എൽ.എ ജോഗേന്ദ്ര സിങ് അവാന പറഞ്ഞു.

'ഞങ്ങൾ രാജിക്കത്ത് നൽകിയിട്ടുണ്ട്. കൂടാതെ സി. പി ജോഷി, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരെ ഇന്ന് നേരിട്ട് കണ്ടു. ഞങ്ങളുടെ മുന്നിൽ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. ഒരു വശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനായി ഞങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുകയെന്നതായിരുന്നു. മറുവശത്ത് ഞങ്ങൾ അവർക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതായിരുന്നു. നാമെല്ലാവരും അതിനെക്കുറിച്ച് ചിന്തിച്ചു. ഞങ്ങൾ സംസ്ഥാനത്തിന്റെ ഗുണത്തിന് വേണ്ടിയുള്ള തീരുമാനമെടുത്തു.'-ജോഗേന്ദ്ര സിങ് പറഞ്ഞു.

രാജസ്ഥാനിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 100 സീറ്റുകളാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റുകളിൽ വിജയിച്ചിരുന്നു. 6 എം.എൽ.എമാരുള്ള ബി.എസ്.പിയുടെ പിന്തുണയ്ക്ക് പുറമെ മൊത്തം 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചിരുന്നു.

ഈ വർഷം മാർച്ചിൽ 12 സ്വതന്ത്ര എം.എൽ.എമാരും കോൺഗ്രസിൽ ചേർന്നു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ എണ്ണം 112 ആയി.

Read More >>