യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത്, ആദ്യം ചെയ്യേണ്ടത് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയാണ്; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ചേതൻ ഭഗത്

ജനാധിപത്യ രാജ്യമല്ലാത്ത ചൈന പോലും ഹോങ് കോങ് പ്രക്ഷോഭ സമയത്ത് ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടില്ല

യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുത്, ആദ്യം ചെയ്യേണ്ടത് സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയാണ്; ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ചേതൻ ഭഗത്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.' സമ്പദ് വ്യവസ്ഥ തകർന്നു, ജോലികൾ അപ്രത്യക്ഷമാക്കുന്നു. ഇന്റർനെറ്റ് നിർത്തുന്നു, ലൈബ്രറികളിൽ പോലീസിനെ അയയ്ക്കുന്നു. യുവാക്കൾക്ക് ക്ഷമയുണ്ടാകാം, പക്ഷേ അതിന്റെ പരിധി പരീക്ഷിക്കരുത്.'- ചേതൻ ഭഗത് ട്വീറ്റ് ചെയ്തു.

'എന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇവിടെ പലർക്കും ആശയക്കുഴപ്പമുണ്ട്. വ്യക്തമായി പറഞ്ഞാൽ, എല്ലാവരും യോജിച്ച് ജീവിക്കുന്നതും നമുക്ക് സാമ്പത്തിക വളർച്ചയുള്ളതുമായ ഒരു ഇന്ത്യയിൽ മാത്രമേ താൽപ്പര്യമുള്ളൂ. അതാണ് എന്റെ സ്വപ്‌നം. ഒരു പ്രത്യേക പക്ഷത്ത് നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇന്ത്യയുടെ പക്ഷത്താണ്. അതിൽ അഭിമാനിക്കുന്നു.'- അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

'അവരുടെ ചരിത്രപരമായ പേരുകൾ എന്തുതന്നെയായാലും, ഇന്ത്യയിൽ ഹിന്ദു, മുസ്‌ലിം സർവ്വകലാശാലകളില്ല. അവയെല്ലാം ഇന്ത്യൻ സർവ്വകലാശാലകളാണ്. അവയെല്ലാം സംരക്ഷിക്കപ്പെടണം.'- ചേതൻ ഭഗത് ആവശ്യപ്പെട്ടു.

"ദീര്‍ഘകാലം ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിക്കുന്നത് ആവര്‍ത്തിക്കുന്നത് ബിസിനസിനേയും രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും ദോഷകരമായി ബാധിക്കും. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന സന്ദേശമാണ് ഇതിലൂടെ നാം ലോകത്തിന് നല്‍കുന്നത്. ഒരു ജനാധിപത്യ രാജ്യമല്ലാത്ത ചൈന പോലും ഹോങ് കോങ് പ്രക്ഷോഭ സമയത്ത് ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടില്ല."- അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടത്തിയത്. പൊലീസ് സർവകലാശാലാ കാമ്പസിൽ കയറി നടത്തിയ അക്രമത്തെത്തുടർന്ന് നിരവധി വിദ്യാർത്ഥികൾക്കു ഗുരുതരമായി പരിക്കേറ്റു.

അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധിച്ചത്. ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്സിറ്റിയിലേയും അലിഗഡ് യൂണിവേഴ്സിറ്റിയിലേക്കും വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു.

കേരളത്തിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് ഫ്രറ്റേണിറ്റി പ്രവർത്തകർ ആകാശവാണിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ട്രെയിൻ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.

Read More >>