ഇല്ല, ബാലറ്റ് പേപ്പർ തിരിച്ചുവരില്ല, ആവശ്യം തള്ളി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ

ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഇല്ല, ബാലറ്റ് പേപ്പർ തിരിച്ചുവരില്ല, ആവശ്യം തള്ളി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ

മുംബൈ:തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് തന്നോട് ചില രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് സാദ്ധ്യമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷിൻ(ഇ.വി.എം)ശരിയായ രീതിയിൽ പ്രവർത്തിക്കാതിരിക്കാം എന്നാൽ അവയിൽ കൃത്രിമം കാണിക്കാനോ അനാവശ്യ ഇടപെടൽ നടത്താനോ സാധിക്കില്ലെന്ന് അറോറ വ്യക്തമാക്കി. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദീപാവലിക്കു ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 9നാണ് അവസാനിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിയതികൾ കമ്മിഷൻ പ്രഖ്യാപിച്ചേക്കും. ഇരു സംസ്ഥാനങ്ങളിലും ഭരണം നിലനിർത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് മറ്റു പാർട്ടികൾ.

Read More >>