പീഡനക്കേസിൽ അറസ്റ്റിലായ ചിന്മയാനന്ദ് 'സ്വാമി' അല്ലാതാകും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്

പീഡനക്കേസിൽ അറസ്റ്റിലായ ചിന്മയാനന്ദ്

ഷാജഹാൻപൂർ: നിയമവിദ്യാർത്ഥിനി ഉന്നയിച്ച പീഡനാരോപണത്തിൽ അറസ്റ്റിലായ ബി.ജെ.പി നേതാവ് ചിന്മയാനന്ദിന് 'സ്വാമി' പദവി നഷ്ടപ്പെട്ടേക്കും. സന്ന്യാസി സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ അഖില ഭാരതീയ അഖാര പരിഷത് (എ.ബി.എ.പി) ചിന്മയാനന്ദിനെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്.

ചിന്മയാനന്ദിനെ സന്ന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി എ.ബി.എ.പി പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. 'ഒക്ടോബർ 10ന് ഹരിദ്വാറിൽ വച്ച് എ.ബി.എ.പിയുടെ ഔദ്യോഗിക യോഗം ചേരും. ഇപ്പോൾ എടുത്ത തീരുമാനത്തിന് അന്ന് ജനറൽ ബോഡിയുടെ ഔദ്യോഗിക അംഗീകാരം കിട്ടും. ചിന്മയാനന്ദ് കുറ്റം സ്വയം സമ്മതിച്ചിട്ടുണ്ട്. ഇതിലും വലുതായി സന്ന്യാസി സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന മറ്റൊന്നില്ല. കോടതിയിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നതുവരെ അദ്ദേഹത്തെ സന്ന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കും.'-അദ്ദേഹം പറഞ്ഞു.

നിലവിൽ മഹാ നിർവാണി അഖാരയിലെ അംഗമാണ് ചിന്മയാനന്ദ്. ഈ പദവിയും ഇനി ചിന്മയാനന്ദിന് നഷ്ടപ്പെടും. പേരിനൊപ്പം വിശുദ്ധൻ, സ്വാമി എന്നീ പദങ്ങൾ ഉപയോഗിക്കുന്നതും വിലക്കപ്പെടും.

നേരത്തെ രാജ്യത്തെ 14 കള്ളസന്ന്യാസിമാരുടെ പട്ടിക അഖില ഭാരതീയ അഖാര പരിഷത്ത് പുറത്ത് വിട്ടിരുന്നു. ഗൂർമീത് റാം റഹീം സിങ്ങിനെയും ആശാറാം ബാപ്പുവിനെയും ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തുവിട്ടിരുന്നത്.ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്ന് സർക്കാരുകളോട് സംഘടന ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ചിന്മയാനന്ദിനെ 14 ദിവസത്തെ ജുഡീഷ്യൽ കസറ്റഡിയിൽ വിട്ടിരിക്കുകയാണ്.

പീഡിപ്പക്കപ്പെട്ട വിദ്യാർത്ഥിനി പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും യു.പിയിലെ സ്വാധീനമുള്ള രാഷ്ട്രീയക്കാരിൽ ഒരാളായ ചിന്മയാനന്ദിനെതിരെ മാനഭംഗക്കുറ്റം ചുമത്തിയിരുന്നില്ല. യു.പിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശ്രമങ്ങളും നടത്തുന്ന വ്യക്തിയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഇദ്ദേഹം. ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിയമകോളജിലെ വിദ്യാർത്ഥിയാണ് ചിന്മയാനന്ദിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ അതീവ സുരക്ഷയിൽ ഇവർ തിങ്കളാഴ്ച വിഷയത്തിൽ മൊഴി നൽകുകയും ചെയ്തിരുന്നു. കോളജിൽ പ്രവേശനം നൽകാമെന്ന് വാഗ്ദാനം ചെയ്ത ഒരു വർഷമായി ചിന്മയാനന്ദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ് എന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. കുളിക്കുന്നത് വീഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്തു എന്നും ഇവരുടെ പരാതിയിലുണ്ട്.

തോക്കിൻ മുനയിൽ നിർത്തി മസ്സാജ് ചെയ്യിച്ചതായും ആരോപണമുണ്ട്. 'ഉറച്ച തെളിവുകൾ' കിട്ടിയാൽ മാത്രമേ കേസിൽ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യൂ എന്നാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. പരാതി ലഭിച്ച് നാലാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താതിൽ വ്യാപക വിമർശമുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ യു.പി സർക്കാറിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. ഐ.ജി നവീൻ അറോറയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

Read More >>