പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിൽ, മമതയ്ക്ക് തടയാനാകില്ല: വെല്ലുവിളിയുമായി ദിലിപ് ഘോഷ്

എന്തിനുവേണ്ടിയാണ് ഈ നിയമത്തെ മമത എതിർക്കുന്നതെന്ന് അവർ വ്യക്തമാക്കണം

പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിൽ, മമതയ്ക്ക് തടയാനാകില്ല: വെല്ലുവിളിയുമായി ദിലിപ് ഘോഷ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലിപ് ഘോഷ്. മുഖ്യമന്ത്രി മമത ബാനർജിക്കോ അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

'എന്ത് സാഹചര്യമുണ്ടായാലും' പുതിയ പൗരത്വ നിയമം തന്റെ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് വെല്ലുവിളിയുമായി ദിലിപ് ഘോഷ് രംഗത്തെത്തിയത്. 'നേരത്തെ ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കുന്നതിനേയും നോട്ട് നിരോധനത്തേയും അവർ എതിർത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും അവർക്ക് കേന്ദ്ര സർക്കാരിനെ ഇതിൽ നിന്ന് തടയാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിലും അതുതന്നെ സംഭവിക്കും. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കും. രാജ്യത്ത് ആദ്യം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന സംസ്ഥാനം പശ്ചിമ ബംഗാളായിരിക്കും.'-ദിലിപ് ഘോഷ് പറഞ്ഞു.

എന്തിനുവേണ്ടിയാണ് ഈ നിയമത്തെ മമത എതിർക്കുന്നതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.' സംസ്ഥാനത്തെ വോട്ടുബാങ്ക് ഇല്ലാതാകുമോ എന്ന ഭയം കൊണ്ടാണോ? ഞങ്ങൾ ഒരു കാര്യം വ്യക്തമാക്കിത്തരാം, പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കും. മമത ബാനർജിക്കോ അവരുടെ പാർട്ടിക്കോ ഇത് തടയാനാകില്ല. രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരെക്കുറിച്ചാണ് അവരുടെ ആധി. എന്നാൽ, പതിറ്റാണ്ടുകളായി ഇത്തരമൊരു നിയമത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദു അഭയാർത്ഥികളെക്കുറിച്ച് അവർ ചിന്തിക്കുന്നുപോലുമില്ല. ബംഗാളിൽ പ്രതിഷേധത്തിന് പിന്നിലെ നുഴഞ്ഞുകയറ്റക്കാർക്കെതിരെ എന്തുകൊണ്ട് മമത നടപടിയെടുക്കുന്നില്ല? നിയമം കയ്യിലെടുക്കാൻ അവർ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്.'-അദ്ദേഹം ആരോപിച്ചു.

പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. തങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം ഇത്തരമൊരു നിയമം പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ മോദി സർക്കാരിന് സാധിക്കില്ലെന്നാണ് അവർ പറഞ്ഞത്. വിവാദ നിയമത്തിനെതിരെ സംസ്ഥാനത്ത് വൻ റാലികൾ നടത്താൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ഡിസംബർ 16ന് കൊൽക്കത്തയിൽ നടക്കുന്ന റാലി ബിആർ അംബേദ്കർ പ്രതിമയുടെ സമീപത്തുനിന്നും ആരംഭിച്ച് ജോരസൻകോയിൽ അവസാനിക്കും. ഡിസംബർ 17നാണ് മറ്റൊരു റാലി. സംസ്ഥാന വ്യാപകമായി റാലികൾ സംഘടിപ്പിക്കാനും തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Read More >>