പൗരത്വ നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കും,രാജ്യത്തെ രക്ഷിക്കാൻ കഠിന പോരാട്ടം വേണം: സോണിയ

രാം ലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലിയിൽ സംസാരിക്കുകയായിരുന്നു അവർ

പൗരത്വ നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കും,രാജ്യത്തെ രക്ഷിക്കാൻ കഠിന പോരാട്ടം വേണം: സോണിയ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുന്നതാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാം ലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ 'ഭാരത് ബച്ചാവോ' റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.' പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ഇതിൽ ഒരു കുലുക്കവുമില്ല. ഇന്ത്യയെ രക്ഷിക്കാൻ കഠിനമായ പോരാട്ടം ആവശ്യമാണ്.'-സോണിയ പറഞ്ഞു.

അതേസമയം, രാജ്യത്ത് ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പാസാക്കുകയാണ് നരേന്ദ്ര മോദി സർക്കാരനെന്ന് റാലിയിൽ സംസാരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.

'ഇനിയും നമ്മൾ മിണ്ടാതിരുന്നാൽ, നമ്മുടെ വിപ്ലകരമായ ഭരണഘടന നശിപ്പിക്കപ്പെടും. നമ്മുടെ രാജ്യത്തിന്റെ വിഭജനത്തിന് തുടക്കം കുറിക്കും. ഭാരത് ബച്ചാവോയിലൂടെ എന്താണ് നമ്മൾ ചെയ്യേണ്ടത്? ആരെയാണ് നമ്മുടെ രാജത്ത് നിന്നും നമ്മൾ പ്രതിരോധിക്കേണ്ടത്? സ്നേഹവും സമാധാനവും സാഹോദര്യവും കാത്തൂസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.'- പ്രിയങ്ക പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലോകം നമ്മിലേക്ക് നോക്കുമായിരുന്നു. എന്നാൽ ബി.ജെ.പി അധികാരത്തിലെത്തി ആറ് വർഷത്തിനിപ്പുറം എന്താണ് അവസ്ഥ?. എല്ലാ ബസ് സ്റ്റോപ്പിലും പത്രങ്ങളിലും നമ്മൾ കാണുന്നത് മോദി വന്നാൽ എല്ലാം ശരിയാകും എന്ന വാചകമാണ്. എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. ഒരു കിലോ ഉള്ളിയുടെ വില നൂറ് രൂപയായി. 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയിൽ രാജ്യം എത്തി.മാത്രമല്ല നാല് കോടി തൊഴിലുകൾ ഇല്ലാതായി. ഇതാണ് മോദി വന്നതിലൂടെ സംഭവിച്ചത്. രാജ്യത്ത് നടക്കുന്ന അനീതിയ്ക്കെതിരെ പോരാടിയില്ലെങ്കിൽ നമ്മൾ ഭീരുക്കളാകും. ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങൾക്കെതിരെയും പോരാടേണ്ടതുണ്ട്. രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.'- പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയാണ് തന്റെ നേതാവെന്നും പ്രിയങ്ക പറഞ്ഞു.

റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ താൻ മാപ്പു പറയില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയും വ്യക്തമാക്കി. ' റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടതുപോലെ ഞാൻ മാപ്പു പറയില്ല. എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്, രാഹുൽ സവർക്കർ എന്നല്ല. മാപ്പുപറയേണ്ടത് മോദിയും അമിത്ഷായുമാണ്'-രാഹുൽ ഗാന്ധി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നരേന്ദ്ര മോദി അഗ്നിക്കിരയാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മോദി സർക്കാർ തകർത്തു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി. നോട്ട് നിരോധനം എന്ന പേരിൽ മോദി കള്ളം പറഞ്ഞു. അദാനിക്കും അനിൽ അംബാനിക്കും വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. ജി.എസ്.ടിയുടെ കാര്യത്തിൽ നൽകിയ എല്ലാ നിർദ്ദേശവും മോദി തള്ളിക്കളഞ്ഞുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

Read More >>