ബി.ജെ.പി സർക്കാരിന് കീഴിൽ ജുഡീഷ്യറി ദുർബലം; ആർട്ടിക്കിൾ 370 പോലുള്ള വിഷയങ്ങളിൽ ഇടപെടുന്നില്ല: കോൺഗ്രസ്

ഭരണഘടനാ കാര്യങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിലെ കാലതാമസം ആഗോള സമൂഹത്തിൽ ചോദ്യങ്ങളുയരാൻ ഇടയാക്കുകയും ഒപ്പം നീതി കാത്തിരിക്കുന്നവരെ നിരാശരാക്കുമെന്നും അദ്ദേഹം പറഞ്ഞു

ബി.ജെ.പി സർക്കാരിന് കീഴിൽ ജുഡീഷ്യറി ദുർബലം; ആർട്ടിക്കിൾ 370 പോലുള്ള വിഷയങ്ങളിൽ ഇടപെടുന്നില്ല: കോൺഗ്രസ്

ന്യൂഡൽഹി: പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനയിലെ 370-ാം അനുച്ഛേദം പോലുള്ള വിഷയങ്ങളിൽ ജുഡീഷ്യറി ഇടപെടാത്തത് ബി.ജെ.പി സർക്കാരിന് കീഴിൽ ഇവ ദുർബലമായതിന്റെ തെളിവാണെന്ന് കോൺഗ്രസ്. 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ സുപ്രിം കോടതി ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെങ്കിലും വാദം കേൾക്കുന്നില്ലെന്നും എ.ഐ.സി.സി വക്താവ് ആനന്ദ് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"സ്ഥാപനപരമായ അട്ടിമറി നടന്നിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യവും പൗരന്മാരുടെ മൗലികാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും നീതി നടപ്പാക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച സ്ഥാപനങ്ങൾ ദുർബലമായി. നിയമത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ ഈ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും പൗരന്മാരുടെ മൗലികാവകാശങ്ങളെയും സംരക്ഷിക്കുമെന്ന് ഞങ്ങൾ ഉടനീളം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സമയബന്ധിതമായ ഇടപെടലും നീതി നടപ്പാക്കലും നടക്കുന്നില്ലെന്ന ആശങ്കയുണ്ട്. ഗുരുതരമായ ഭരണഘടനാപരമായ കാര്യങ്ങൾ വരുമ്പോൾ അവ ജുഡീഷ്യറി ഉടനടി ഏറ്റെടുക്കണം. ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിങ്ങൾക്ക് മാസങ്ങൾ വൈകിക്കാൻ കഴിയില്ല. അത് സംഭവിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പരിരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെപൗരന്മാർക്ക് ഉറപ്പുനൽകുന്ന രീതിയിലേക്ക് ജുഡീഷ്യറി ഉയരണം."-ആനന്ദ് ശർമ പറഞ്ഞു.

ഭരണഘടനാ കാര്യങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിലെ കാലതാമസം ആഗോള സമൂഹത്തിൽ ചോദ്യങ്ങളുയരാൻ ഇടയാക്കുകയും ഒപ്പം നീതി കാത്തിരിക്കുന്നവരെ നിരാശരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനും ഡി.കെ ശിവകുമാറിനും മറ്റ് പ്രതിപക്ഷ നേതാക്കൾക്കുമെതിരെ കേസ് ചുമത്തി തടവിലാക്കുന്ന ബി.ജെ.പി സർക്കാരിന്റെ നടപടിയേയും അദ്ദേഹം ചോദ്യം ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ ജനാധിപത്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഈ നടപടികൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിപക്ഷത്തിന് ഒരു നിയമം, ഭരണപക്ഷത്തിന് മറ്റൊരു നിയമം എന്നിങ്ങനെ രണ്ട് തരം നിയമങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Read More >>