ബി.ജെ.പി സർക്കാരിനെതിരെ പറയാൻ എനിക്കാകില്ല, അതുകൊണ്ട് കോൺഗ്രസിന്റെ സഹായം തേടിയിരുന്നു: സുമിത്ര മഹാജൻ

സുമിത്ര മഹാജന്റെ വെളിപ്പെടുത്തലിനെ പ്രശംസിച്ച് മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി തുൾസിറാം സിൽവാത്ത് രംഗത്തെത്തി

ബി.ജെ.പി സർക്കാരിനെതിരെ പറയാൻ എനിക്കാകില്ല, അതുകൊണ്ട് കോൺഗ്രസിന്റെ സഹായം തേടിയിരുന്നു: സുമിത്ര മഹാജൻ

ന്യൂഡൽഹി: തന്റെ നിയോജകമണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ സഹായം സ്വീകരിച്ചിരുന്നതായി മുൻ ലോക്‌സഭാ സ്പീക്കറും ബി.ജെ.പി എം.പിയുമായിരുന്ന സുമിത്ര മഹാജൻ. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഭരണത്തിലിരിക്കുന്ന മദ്ധ്യപ്രദേശിൽ അതേ പാർട്ടിയുടെ എം.പിയായിരുന്ന തനിക്ക് ജനകീയ പ്രശ്‌നങ്ങൾ പറയുന്നതിന് പരിമിതിയുണ്ടായിരുന്നുവെന്നാണ് സുമിത്ര മഹാജന്റെ വെളിപ്പെടുത്തൽ.

" എന്റെ തന്നെ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ജനകീയ പ്രശ്‌നങ്ങളും താൽപര്യങ്ങളും ഒരുപാട് തവണ എനിക്ക് പറയാൻ സാധിക്കില്ല. അതും അതേ പാർട്ടിയുടെ എം.പിയായിരിക്കേ. 'പാർട്ടി അച്ചടക്കമെന്ന'മെന്ന ഒരു വലിയ മതിൽ അതിന് മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ മദ്ധ്യപ്രദേശിലെ ജനകീയ പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ ഞാൻ ഇക്കാര്യം കോൺഗ്രസ് നേതാക്കളോട് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അതിന് ശേഷം ഞാനിത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും അവർക്ക് ഉറപ്പു നൽകിയിരുന്നു."-സുമിത്ര മഹാജൻ ഞായറാഴ്ച രാത്രി ഒരു പരിപാടിക്കിടെ പറഞ്ഞു. ഇൻഡോറിന്റെ വികസന കാര്യത്തിൽ തങ്ങൾ പാർട്ടിക്കും മുകളിലാണെന്നും അവർ കൂട്ടിച്ചേർത്തു.

സുമിത്ര മഹാജന്റെ വെളിപ്പെടുത്തലിനെ പ്രശംസിച്ച് മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി തുൾസിറാം സിൽവാത്ത് രംഗത്തെത്തി. 'മുൻ എം.പിയുടെ വാക്കുകൾ ശരിയായ അർത്ഥത്തിൽ എടുക്കണം. അവർ എപ്പോഴും ഇൻഡോറിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. പാർട്ടിയുടെ നിയന്ത്രണ രേഖ അവർ എപ്പോഴെങ്കിലും ലംഘിട്ടിട്ടുണ്ടെങ്കിൽ അത് ഇന്‌ഡോറിന്റെ വികസപ്രവർത്തനങ്ങൾക്കു വേണ്ടിയാണ്.'-സിൽവാത്ത് പറഞ്ഞു.

Read More >>