അവസാനം കോൾ ട്രെയ്‌സ് ചെയ്തത് 2016ൽ; മൂന്നു വർഷമായി ഫോൺ ഉപയോഗിക്കാതെ ദാവൂദ്?!

നിരവധി ലുക്ക് ഔട്ട് നോട്ടീസുകളും ഇന്റർപോൾ വാറണ്ടുകളും 62കാരനെതിരെയുണ്ട്. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്

അവസാനം കോൾ ട്രെയ്‌സ് ചെയ്തത് 2016ൽ; മൂന്നു വർഷമായി ഫോൺ ഉപയോഗിക്കാതെ ദാവൂദ്?!

ന്യൂഡൽഹി: അധോലോക തലവൻ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മൂന്ന് വർഷമായി ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 2016 നവംബറിലാണ് അവസാനമായി ഇന്ത്യൻ സുരക്ഷാ ഏജൻസി ദാവൂദിന്റെ ഫോൺ ട്രെയ്‌സ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായികളിലൊരാളുമായി ദാവൂദ് സംസാരിക്കുന്നതായിരുന്നു അന്ന് ഡൽഹി പൊലീസ് റെക്കോഡ് ചെയ്ത്. 15 മിനുട്ട് നീണ്ടു നിന്ന ഫോൺ സംഭാഷണത്തിൽ അദ്ദേഹം വ്യക്തിപരമായ കാര്യങ്ങൾ മാത്രമായിരുന്നു സംസാരിച്ചിരുന്നതെന്നും അധോലോക പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നും ഡൽഹി പൊലീസ് പറഞ്ഞിരുന്നു. മദ്യപിച്ചുകൊണ്ടായിരുന്നു സംസാരമെന്നും അതുകൊണ്ട് തന്നെ സംഭാഷണത്തിൽ ഇടയ്ക്ക് മങ്ങുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു. പിന്നീട് ഇതുവരെ ദാവൂദിന്‍റെ ഫോണ്‍ ട്രെയ്സ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഫോൺ സംഭാഷണം അന്വേഷണ ഏജൻസിയായ റോയുടെ പക്കലാണുള്ളത്. ദാവൂദിന്റെ ഏറ്റവും ദീർഘമേറിയ ഈ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തത് മുൻ ഡൽഹി പൊലീസ് കമ്മിഷണർ നീരജ് കുമാറായിരുന്നു.

"ദാവൂദ് ചിലപ്പോൾ മനപ്പൂർവ്വം ഫോൺ ഉപയോഗിക്കാതിരിക്കുന്നതാവാം. എന്നുകരുതി കറാച്ചിയിൽ നിന്ന് അയാൾ പോയി എന്ന് അർത്ഥമില്ല. ഇപ്പോഴും പാകിസ്താനിൽ നിന്ന് ദാവൂദും സംഘവും പ്രവർത്തിക്കുന്നുണ്ടെന്നതിന് ഞങ്ങളുടെ പക്കൽ തെളിവുകളുണ്ട്."- പൊലീസ് പറയുന്നു.

1980ൽ രജിസ്റ്റർ ചെയ്ത കവർച്ച കേസാണ് ദാവൂദിനെതിരെയുള്ള ആദ്യ കേസ്. മുംബൈയിൽ ഹാജി ഗ്യാങും അഫ്ഗാനികളായ പത്താൻ ഗ്യാങും തമ്മിലുള്ള തെരുവുപോരാട്ടത്തിൽ മുന്നണിയിലുണ്ടായിരുന്നു ദാവൂദ്.

മയക്കു മരുന്ന്, സ്വർണ്ണം, ആയുധം എന്നിവയുടെ അനധികൃത കടത്തും ക്രിക്കറ്റ് വാതുവയ്പ്പുമാണ് ദാവൂദിന്റെ പ്രധാനവരുമാന സ്രോതസ്സ്. കള്ളക്കടത്ത് പ്രധാനമായും കപ്പൽ വഴിയാണ്. ഇന്ത്യയിലും പാകിസ്താനിലുമായി ഷിപ്പിങ് വ്യവസായത്തിൽ വലിയ മുതൽമുടക്കുമുണ്ട്. കള്ളക്കടത്ത് പ്രധാനമായും കപ്പൽ വഴിയായതും അതു കൊണ്ടു തന്നെ. 257 പേർ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനാണ് ദാവൂദ്. സ്‌ഫോടനത്തിന് ശേഷം ദുബൈയിലേക്കും അവിടെ നിന്ന് പാകിസ്താനിലേക്കും കടന്നു. തങ്ങളുടെ രാജ്യത്ത് ദാവൂദ് ഇല്ല എന്നാണ് പാകിസ്താന്റെ നിലപാട്. 2003ൽ പുറത്തിറക്കിയ യു.എസിന്റെ ആഗോള ഭീകരരുടെ പട്ടികയിൽ ദാവൂദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും ദാവൂദിനെ യു.എ.പി.എ വകുപ്പ് പ്രകാരം ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി ലുക്ക് ഔട്ട് നോട്ടീസുകളും ഇന്റർപോൾ വാറണ്ടുകളും 62കാരനെതിരെയുണ്ട്. ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

Read More >>