പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന് നേരെ രാജ്യ തലസ്ഥാനത്ത് കല്ലേറ്; നിരവധി പേർക്ക് പരിക്ക്

ബിജെപിയുടെ വിവാദ നേതാവ് കപിൽ മിശ്രയടക്കമുള്ള നേതാക്കൾ വൈകിട്ട് മൂന്ന് മണിയോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം എത്തി റോഡിൽ നിന്നും സമരക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിന് നേരെ രാജ്യ തലസ്ഥാനത്ത് കല്ലേറ്; നിരവധി പേർക്ക് പരിക്ക്

വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കല്ലേറ്. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ഷെല്ലുകളും പ്രയോഗിച്ചു. നിയമത്തെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും ഒരേസമയം റാലി നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്. കല്ലേറിനിടെ 'ജയ് ശ്രീരാം' വിളികള്‍ ഉയര്‍ന്നു കേട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീം ആർമിയുടെ ഭാരത് ബന്ദിന് പിന്തുണയായാണ് ജഫ്രബാദിന് സമീപം റോഡ് ഉപരോധം സംഘടിപ്പിച്ചിരുന്നത്. ദേശീയപാതകയും പ്ലക്കാർഡുകളും കൈയിലേന്തി ഒന്നിച്ച് മുദ്രവാക്യം വിളിച്ച്, ശനിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് സ്ത്രീകൾ ജഫ്രാബാദിലെ പ്രധാനപാത തടഞ്ഞാണ് സമരം തുടങ്ങിയത്.

രാവിലെയോടെ നിരവധി പേരാണ് സമരത്തിന് പിന്തുണച്ച് ജഫ്രബാദിലേക്ക് എത്തുന്നത്. സമരത്തിൽ പങ്കാളിത്തം കൂടിയതോടെ ശക്തമായ പൊലീസ് സന്നാഹമാണ് ജഫ്രബാദിൽ ഒരുക്കിയിരുന്നു. അർധ സൈനിക വിഭാ​ഗത്തേയും വിന്യസിച്ചിരുന്നു. സമരത്തെത്തുടർന്ന് ഇത് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം ബിജെപിയുടെ വിവാദ നേതാവ് കപിൽ മിശ്രയടക്കമുള്ള നേതാക്കൾ വൈകിട്ട് മൂന്ന് മണിയോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം എത്തി റോഡിൽ നിന്നും സമരക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമരക്കാർ പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിഎഎയടക്കമുള്ളവ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാർ അറിയിച്ചത്.

Next Story
Read More >>