ദലിതർക്കെതിരെ ആക്രമണം നടന്ന മാംഗ്ത ഗ്രാമം സന്ദർശിക്കാൻ യോഗി അനുമതി നൽകിയില്ല; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു, ദലിത് വിഷയത്തില്‍ ഭരണകൂടം നിഷ്ക്രിയരാകുന്നുവെന്ന് ചന്ദ്രശേഖർ ആസാദ്

ദലിതരുടെ കാര്യം വരുമ്പോൾ ഭരണകൂടം നിഷ്‌ക്രിയരാകുന്നു

ദലിതർക്കെതിരെ ആക്രമണം നടന്ന മാംഗ്ത ഗ്രാമം സന്ദർശിക്കാൻ യോഗി അനുമതി നൽകിയില്ല; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു, ദലിത് വിഷയത്തില്‍ ഭരണകൂടം നിഷ്ക്രിയരാകുന്നുവെന്ന് ചന്ദ്രശേഖർ ആസാദ്

ലഖ്‌നൗ: ദലിതർക്കെതിരെ ആക്രമണം നടന്ന കാൺപൂർ ദെഹാത്തിലെ മാംഗ്ത ഗ്രാമം സന്ദർശിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കാൺപൂരിലെ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ദലിതരെ സന്ദർശിച്ച ആസാദ് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അവർക്ക് ഉറപ്പു നൽകി. ഫെബ്രുവരി 13ന് തങ്ങളെ മർദ്ദിച്ചു പരിക്കേൽപ്പിച്ചതായി ദലിതർ ആരോപിച്ചു.

'ജാതി വലിയ ഒരു വിഷയമാണ്. ദലിതരുടെ കാര്യം വരുമ്പോൾ ഭരണകൂടം നിഷ്‌ക്രിയരാകുന്നു'- ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സംഭവം നടന്ന മാംഗ്ത ഗ്രാമം സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭരണകൂടം തനിക്ക് അനുമതി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീം ആർമി ഡിവിഷണൽ പ്രസിഡന്റ് സിക്കന്ദർ ബൗദ്, നിയമോപദേഷ്ടാവ് മെഹ്മൂദ് പരാച്ച എന്നിവരും ചന്ദ്രശേഖർ ആസാദിനൊപ്പം ഉണ്ടായിരുന്നു.

മർദ്ദനമേറ്റ ദലിതരെ നിശബ്ദരാക്കാനാണ് ഭരണകൂടം ശ്രമിച്ചതെന്നും ഇരകളാക്കപ്പെട്ടവരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോഴും ഭീതിയിലാണെന്നും മെഹ്മൂദ് പരാച്ച പറഞ്ഞു. തങ്ങൾക്ക് ഇപ്പോഴും ഭീഷണിയുണ്ടെന്ന് അവർ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 17ന് ബഹുജൻ സമാജ് പാർട്ടി നേതാവ് ലാൽജി വർമയാണ് ഈ സംഭവം ആദ്യം നിയമസഭയിൽ ഉന്നയിച്ചതും അവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടതും. ബുദ്ധനെക്കുറിച്ചുള്ള ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് മാംഗ്തയിലെ ദലിതർക്കുനേരെ ആക്രമണമുണ്ടായത്. ഗ്രാമത്തിനകത്ത് ബലംപ്രയോഗിച്ച് കടന്ന ഒരു സംഘമാളുകൾ സ്ത്രീകളേയും കുട്ടികളേയുമടക്കം മർദ്ദിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Next Story
Read More >>