ഫറൂഖ് അബ്ദുല്ലക്കെതിരായ പൊതുസുരക്ഷാ വകുപ്പ്: ചട്ടം പാലിച്ചോയെന്ന് കളക്ടർ ഹൈക്കോടതിയിൽ തെളിയിക്കേണ്ടിവരും

ഇതിൽ പരാജയപ്പെട്ടാൽ ഫറൂഖ് അബ്ദുല്ലക്കെതിരെ ചുമത്തിയ വകുപ്പ് ഇല്ലാതാക്കാനും അദ്ദേഹത്തെ സ്വതന്ത്രമാക്കാനും കോടതിക്ക് സാധിക്കും

ഫറൂഖ് അബ്ദുല്ലക്കെതിരായ പൊതുസുരക്ഷാ വകുപ്പ്: ചട്ടം പാലിച്ചോയെന്ന് കളക്ടർ ഹൈക്കോടതിയിൽ തെളിയിക്കേണ്ടിവരും

ശ്രീനഗർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം(പി.എസ്.എ) ചുമത്തിയത് ചട്ടം പാലിച്ചാണോയെന്ന് ജമ്മു-കശ്മീർ കളക്ടർ ഹൈക്കോടതിയിൽ വിശദീകരിക്കേണ്ടി വരും. പി.എസ്.എ വകുപ്പ് ചുമത്തിയതിനെതിരെ ഫറൂഖ് അബ്ദുല്ല ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചാൽ അധികൃതർക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ യഥാർത്ഥ അധികാരപരിധിയിലുള്ള ഹൈക്കോടതി മുമ്പാകെ ഫറൂഖ് അബ്ദുല്ല തടങ്കലിൽ വയ്ക്കുന്ന ഉത്തരവിനെ ചോദ്യം ചെയ്താൽ, രണ്ട് നിർണായക കാര്യങ്ങൾ ജില്ലാ കളക്ടർ വ്യക്തമാക്കേണ്ടതായി വരും. അതിൽ ഒന്ന് തന്നെ പൊതുസുരക്ഷാ നിയമപ്രകാരം തവിലാക്കുന്നതിന് ആവശ്യമായ തെളിവുകൾ ഫറൂഖ് അബ്ദുല്ലയെ കാണിക്കണമെന്നതാണ്. രണ്ടാമത്തെ കാര്യം പി.എസ്.എ ചുമത്തുന്നതിനുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും കളക്ടർ കോടതിയിൽ വ്യക്തമാക്കേണ്ടി വരും.

പി.എസ്.എ വകുപ്പ് ചുമത്തപ്പെട്ടയാളോട് 10 ദിവസത്തിനുള്ളിൽ ഇക്കാര്യം ബോദ്ധ്യപ്പെടുത്തി നൽകേണ്ട ബാദ്ധ്യത ജില്ലാ കളക്ടർക്കുണ്ട്. അതുകൂടാതെ, തടവിലാക്കപ്പെട്ട് എട്ട് ആഴ്ചയ്ക്കുള്ളിൽ ഉപദേശക സമിതിക്ക് മുമ്പാകെ ഹാജരാകാൻ വ്യക്തിക്ക് അവകാശമുണ്ട്. ഇതിന് ശേഷം തടവിലാക്കിയത് പൊതു താൽപര്യത്തിന് വിരുദ്ധമായാണോ അനുകൂലമാണോ എന്നകാര്യത്തിൽ ഉപദേശക സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ഇക്കാര്യങ്ങളെല്ലാം ഫറൂഖ് അബ്ദുല്ലയുടെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് കളക്ടർ ഹൈക്കോടതിയിൽ വിശദീകരിക്കേണ്ടിവരും.

ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ഓഗസറ്റ് അഞ്ച് മുതൽ ജമ്മു-കശ്മീരിൽ വീട്ടുതടങ്കലിലാക്കപ്പെട്ടത് ഏകദേശം 4,000ത്തിലധികം പേരാണ്. ഇതിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയടക്കം 300ഓളം പേർക്കെതിരെ പൊതുസുരക്ഷാ വകുപ്പ് (പി.എസ്.എ)എന്ന കരിനിയമം ചുമത്തിയിട്ടുമുണ്ട്. ഇപ്പോഴും നിയന്ത്രണങ്ങളും നിരോധനങ്ങളും തുടരുന്ന കശ്മീരിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡസൺ കണക്കിന് ഹേബിയസ് കോർപ്പസ് ഹർജികളും ജാമ്യ ഹർജികളുമാണ് ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത്.

കൃത്യമായി പറഞ്ഞാൽ പുൽവാമ ആക്രമണം നടന്ന ഫെബ്രുവരി 14 മുതൽ ഓഗസ്റ്റ് നാല് വരെ 150 ഹേബിയസ് കോർപ്പസ് ഹർജികളാണ് ജമ്മു-കശ്മീർ ഹൈക്കോടതിയിൽ ഫയർ ചെയ്തത്. ഇതിൽ 39 കേസുകളിലാണ് വിധി വന്നത്. ഏകദേശം 80 ശതമാനം തടങ്കലുകാരെയും കോടതി മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ അപേക്ഷകളിൽ പി.എസ്.എ വകുപ്പ് ചുമത്തപ്പെട്ടവരും ഉൾപ്പെടും.

സുപ്രിം കോടതി നിയമത്തിൽ പറയുന്ന ആറ് കാരണങ്ങൾ നിരത്തിയാണ് തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവുകൾ ജമ്മു-കശ്മീർ ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനം; ഗുരുതരമായ നടപടിക്രമങ്ങൾ സാധാരണ നിയമങ്ങൾ നടപടിയെടുക്കാൻ പര്യാപ്തമാകുമ്പോൾ പി.എസ്.എ ആവശ്യമില്ല; തടങ്കലിൽ വയ്ക്കുന്നത് ന്യായീകരിക്കാൻ പുതിയ വസ്തുതകളുടെ അഭാവം തുടങ്ങിയവയാണ് അതിൽ പ്രധാന നിബന്ധനകൾ.

ഹൈക്കോടതിയുടെ ഈ മൂന്ന് പ്രധാന നിരീക്ഷണങ്ങൾ മിക്കവാറും എല്ലാ വിധികളെയും സ്പർശിക്കുന്നതാണ്. സാമൂഹ്യ സുരക്ഷയും പൗരസ്വാതന്ത്ര്യവും തമ്മിലുള്ള അതിലോലമായ സന്തുലിതാവസ്ഥ കണക്കിലെടുത്ത് പ്രതിരോധ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യം ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന ഏറ്റവും വിലയേറിയതും വിലമതിക്കപ്പെടുന്നതുമായ അവകാശമാണ്. അതിനാൽ, തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമങ്ങൾ ജാഗ്രതയോടെ നടപ്പാക്കേണ്ടതുണ്ട്.

ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയ്‌ക്കെതിരെ പി.എസ്.എ വകുപ്പ് ചുമത്തിയ സാഹചര്യത്തിൽ കോടതിയുടെ ഈ നിരീക്ഷണങ്ങൾ പ്രാധാന്യമർഹിക്കുന്നതാണ്. പൊതു സുരക്ഷാ വകുപ്പ് ചുമത്താൻ മാത്രം ഫറൂഖ് അബ്ദുല്ല നടത്തിയ പ്രവർത്തികൾ എന്താണെന്ന് അധികൃതർ കോടതി മുമ്പാകെ ബോധിപ്പിക്കേണ്ടി വരും. ഇതിൽ പരാജയപ്പെട്ടാൽ ഫറൂഖ് അബ്ദുല്ലക്കെതിരെ ചുമത്തിയ വകുപ്പ് ഇല്ലാതാക്കാനും അദ്ദേഹത്തെ സ്വതന്ത്രമാക്കാനും കോടതിക്ക് സാധിക്കുകയും ചെയ്യും.

Read More >>