ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് പഠിപ്പിക്കേണ്ട; മോദിക്കെതിരായ വിമർശനത്തിനെതിരെ ബി.ജെ.പി

കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് മോദിയുടെ ഹൗഡി മോദി പരിപാടിയെ വിർശിച്ച് രംഗത്തെത്തിയത്

ജനാധിപത്യത്തെക്കുറിച്ച് കോൺഗ്രസ് പഠിപ്പിക്കേണ്ട; മോദിക്കെതിരായ വിമർശനത്തിനെതിരെ ബി.ജെ.പി

ന്യൂഡൽഹി: യു.എസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ വിദേശനയം ലംഘിച്ചുവെന്ന കോൺഗ്രിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി ജനറൽ സെക്രട്ടറി റാം മാധവ്. ഇന്ത്യയിലെ ഭരണകക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും കോൺഗ്രസ് പഠിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

' ഇത് ചിരിയുയർത്തുന്ന വിമർശനമാണ്. യാതൊരുവിധ അടിസ്ഥാനവുമില്ല. 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് പറഞ്ഞ കാര്യം തന്നെ തിരിച്ചും പറയുകയാണ് മോദി ചെയ്തത്. ട്രംപ് അന്ന് പറഞ്ഞു 'അഗ്ലി ബാർ മോദി സർക്കാർ' അതുകൊണ്ട് മോദി അതേ കാര്യം തന്നെ തിരിച്ചും പറഞ്ഞു, അഗ്ലി ബാർ ട്രംപ് സർക്കാർ. ഇത് യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടലല്ല. യു.എസ് തെരഞ്ഞെടുപ്പിനെ ഞങ്ങൾ ബഹുമാനിക്കുന്നു. ജനാധിപത്യത്തെയും ഉഭയകക്ഷി ബന്ധത്തേയും കുറിച്ച് കോൺഗ്രസിൽ നിന്ന് ഒരു പാഠം ഞങ്ങൾക്ക് ആവശ്യമില്ല.'-റാം മാധവ് പറഞ്ഞു.

കോൺഗ്രസ് നേതാവ് ആനന്ദ് ശർമയാണ് മോദിയുടെ ഹൗഡി മോദി പരിപാടിയെ വിർശിച്ച് രംഗത്തെത്തിയത്. താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രചാരണം നടത്തരുതെന്നും ആനന്ദ് ശർമ പറഞ്ഞു. ഞായറാഴ്ച രാത്രി ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശം.

'മറ്റൊരു രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന തത്ത്വം മോദി ലംഘിച്ചു. യു.എസിലേയും ഇന്ത്യയിലേയും ജനാധിപത്യ മൂല്യങ്ങളേയും ലംഘിച്ചു.'- രാജ്യസഭാ എം.പികൂടിയായ ആനന്ദ് ശർമ ട്വീറ്റ് ചെയ്തു. യു.എസും ഇന്ത്യയും തമ്മിൽ എക്കാലവും ഉഭയകക്ഷി ബന്ധമുണ്ടെന്നും മോദിയുടെ ഇപ്പോഴത്തെ നടപടി യു.എസിലെ ഇന്ത്യക്കാർക്കിടയിൽ ട്രംപിന് മതിപ്പുണ്ടാക്കാൻ കാരണമായിയെന്നും അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രി, മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന ഇന്ത്യൻ വിദേശനയത്തിന്റെ കാലാനുസൃതമായ തത്ത്വം നിങ്ങൾ ലംഘിച്ചു. അമേരിക്കൻ ഐക്യനാടുകളുമായുള്ള ഞങ്ങളുടെ ബന്ധം ഉടനീളം ഉഭയകക്ഷി, റിപ്പബ്ലിക്കൻ, ഡെമോക്രാറ്റുകൾ എന്നിവയായിരുന്നു. ട്രംപിനു വേണ്ടിയുള്ള നിങ്ങളുടെ സജീവമായ പ്രചാരണം ഇന്ത്യയുടേയും യു.എസിന്റേയും പരമാധികാര, ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണ്.'-ആനന്ദ് ശർമ ട്വീറ്റ് ചെയ്തിരുന്നു.

മാർപാപ്പ കഴിഞ്ഞാൽ ഏതെങ്കിലും വിദേശനേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണങ്ങളിലൊന്നാണു ടെക്സാസിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടി വേദിയിലെത്തിയതോടെ ആവേശം ഇരട്ടിയായി. 'മോസ്റ്റ് ലോയൽ ഫ്രണ്ട്' എന്നാണു മോദിയെ ട്രംപ് വിശേഷിപ്പിച്ചത്. തന്റെ പ്രസംഗശേഷം മോദിയുടെ പ്രസംഗം കേൾക്കാൻ അദ്ദേഹം സദസ്സിലിരിക്കുകയും ചെയ്തു. ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായി 50,000 പേർ എൻ.ആർ.ജി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞിരുന്നു.

Read More >>