ആയുധവുമായെത്തിയ മോഷ്ടാക്കളെ കസേരയും ചെരുപ്പും കൊണ്ട് തുരത്തി ഓടിച്ച് ദമ്പതികൾ

സമീപത്തെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം പിന്നീട് വൈറലാകുകായിരുന്നു

ആയുധവുമായെത്തിയ മോഷ്ടാക്കളെ കസേരയും ചെരുപ്പും കൊണ്ട് തുരത്തി ഓടിച്ച് ദമ്പതികൾ

ചെന്നൈ: ആയുധങ്ങളുമായെത്തിയ രണ്ട് മോഷ്ടക്കാളെ വെറും കസേരയും ചെരുപ്പും കൊണ്ട് നേരിട്ട് ദമ്പതികൾ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുള്ള ഷൺമുഖവേൽ-സെന്താമരൈ ദമ്പതികളാണ് മോഷ്ടക്കാളെ മനോധൈര്യം കൊണ്ട് നേരിട്ടത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. മുഖം മൂടി ധരിച്ച രണ്ട് മോഷ്ടാക്കൾ തിരുനെൽവേലി ജില്ലയിലെ കല്ല്യാണിപുരം ഗ്രാമത്തിലുള്ള ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് എത്തുകയായിരുന്നു. പുറത്ത് കസേരയിൽ മൊബൈൽ ഫോണിൽ നോക്കി ഇരിക്കുകയായിരുന്ന ഷൺമുഖവേലിന്റെ പുറകിലൂടെ എത്തിയ മോഷ്ടാക്കളിൽ ഒരാൾ കഴുത്തിൽ തുണിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു.

ഇദ്ദേഹത്തിന്റെ കരച്ചിൽ കേട്ട് എത്തിയ ഭാര്യ സെന്താമരൈ ഉടൻ തന്നെ അടുത്തുണ്ടായിരുന്ന കസേരയെടുത്ത് മോഷ്ടാവിനെ ആക്രമിക്കാൻ തുടങ്ങി. ഈസമയം കസേര നിലത്തുവീണതിനാൽ രക്ഷപ്പെട്ട ഷൺമുഖവേലും പിന്നാലെ മോഷ്ടാക്കളെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. വടിവാളും മറ്റുമായാണ് മോഷ്ടാക്കൾ എത്തിയത്.

എന്നാൽ, സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരയും സ്റ്റൂളും ചെരുപ്പും ഉപയോഗിച്ചുള്ള ദമ്പതികളുടെ ചെറുത്തുനിൽപ്പിനു മുമ്പിൽ പിടിച്ചു നിൽക്കാൻ മോഷ്ടാക്കൾക്ക് ആയില്ല. ഇവർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

സമീപത്തെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം പിന്നീട് വൈറലാകുകായിരുന്നു. ഒരു മിനുട്ടും 17 സെക്കന്റും നീണ്ടു നിൽക്കുന്നതാണ് വീഡിയോ. ചെറുത്തിനിൽപ്പിനിടയിൽ സെന്താമരയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവൻ വരുന്ന സ്വർണ്ണമാല മോഷ്ടാക്കൾ കൊണ്ടുപോയി. സംഭവത്തിൽ തിരുനെൽവേലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More >>