കോടികളുടെ തെരഞ്ഞെടുപ്പ് മാമാങ്കം; കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയത് 5029 കോടി രൂപ

രാജ്യത്ത് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത് എസ്.ബി.ഐയെ മാത്രമാണ്.

കോടികളുടെ തെരഞ്ഞെടുപ്പ് മാമാങ്കം;  കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയത് 5029 കോടി രൂപ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നല്‍കിയത് 10494 തെരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് വിവരാവകാശ രേഖ. മെയ് നാലു വരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ബോണ്ടിന് 48 ലക്ഷമെന്ന കണക്കില്‍ 5029 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് എസ്.ബി.ഐ വഴി കോര്‍പ്പറേറ്റുകളും സ്വകാര്യ വക്തികളും വാങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി കോര്‍പ്പറേറ്റുകള്‍ക്ക് നിയമപരമായി അവസരം നല്‍കുന്ന ബോണ്ട് സമ്പ്രദായം കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ളത് എസ്.ബി.ഐയെ മാത്രമാണ്.

മുംബൈയിലെ വിവരാവകാശപ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റായ് ആണ് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ എണ്ണവും അത് വാങ്ങിയവരുടെ പേരുവിവരങ്ങളും ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്. എന്നാല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ പേരുവിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ബാങ്ക് അറിയിച്ചു. 5029 കോടിയില്‍ 5011 കോടിയും രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവഴിച്ചുകഴിഞ്ഞെന്നും ബാങ്ക് അറിയിച്ചു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന കള്ളപ്പണം തടയാനായി കൊണ്ടുവന്ന ഈ സമ്പ്രദായം കൊണ്ട് പ്രയോജനമില്ലെന്നാണ് മനോരഞ്ജന്‍ റോയ് അഭിപ്രായപ്പെട്ടത്. കോര്‍പ്പറേറ്റുകളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിയമപരമാക്കിയെന്നതാണ് ഇതുകൊണ്ടുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി രാജ്യത്ത് അഴിമതി വര്‍ദ്ധിപ്പിക്കുന്നുവെന്നും എന്നാല്‍ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായാല്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ സഹായിക്കാനായി കോര്‍പ്പറേറ്റുകള്‍ ചെയ്യേണ്ടതായ സാമൂഹ്യ ബാദ്ധ്യതാ പദ്ധതി( സി.എസ്.ആര്‍) നിറുത്തിവെച്ച് അവരെല്ലാം തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ചാക്കിട്ടുപിടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read More >>