എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിയ അഞ്ചു തെരഞ്ഞെടുപ്പുകള്‍

സാംപിള്‍ സര്‍വേ പോലെ ജനങ്ങളുടെ അഭിപ്രായങ്ങളെടുത്ത് തയ്യാറാക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കഴിഞ്ഞ കാലത്ത് ശരിയാകുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്

എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിയ അഞ്ചു തെരഞ്ഞെടുപ്പുകള്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേധാവിത്വം നല്‍കിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സാംപിള്‍ സര്‍വേ പോലെ ജനങ്ങളുടെ അഭിപ്രായങ്ങളെടുത്ത് തയ്യാറാക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കഴിഞ്ഞ കാലത്ത് ശരിയാകുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. എക്സിറ്റ് പോളുകള്‍ പാളിയ അഞ്ചു തെരഞ്ഞെടുപ്പുകള്‍ ഇതാണ്.

2004 ലോക്സഭാ തെരഞ്ഞെടുപ്പ്

മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മികച്ച ജയത്തിനു പിന്നാലെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തോടെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശരാശരി 240-250 സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളുടെ പ്രവചനം. എന്നാല്‍ വിധി വന്നപ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 216 സീറ്റു കിട്ടി. പ്രവചിക്കപ്പെട്ടിരുന്നത് 170-205 സീറ്റും. ബി.ജെ.പിക്ക് 187 സീറ്റേ കിട്ടിയുള്ളൂ.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ്

മിക്ക എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് വിജയം പ്രവചിച്ചു. മാന്ത്രികസംഖ്യയായ 272 മുതല്‍ 289 സീറ്റു വരെ കിട്ടാം എന്നായിരുന്നു പ്രവചനം. എന്നാല്‍ വിധി വന്നപ്പോള്‍ മുന്നൂറിലേറെ സീറ്റാണ് എന്‍.ഡി.എക്ക് കിട്ടിയത്. ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുകയും ചെയ്തു. 92 മുതല്‍ 120 വരെ സീറ്റ് യു.പി.എക്ക് കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 60 സീറ്റേ യു.പി.എക്ക് കിട്ടിയുള്ളൂ. കോണ്‍ഗ്രസിന് 44 ഉം.

2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പ്

നോട്ടുനിരോധനത്തിന് തൊട്ടുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തൂക്കുസഭയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബി.ജെ.പിക്ക് 161 മുതല്‍ 280 വരെ സീറ്റുകള്‍ പ്രവചിച്ചു. എന്നാല്‍ 325 സീറ്റുകള്‍ നേടിയ ബി.ജെ.പി അധികാരത്തിലെത്തി. 163 സീറ്റു വരെ നേടുമെന്ന് പ്രവചിക്കപ്പെട്ട കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം 19ലേക്ക് ചുരുങ്ങി.

2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്

ഒരു സഖ്യത്തിനും കൃത്യമായ ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു ഈ തെരഞ്ഞെടുപ്പിലെ പ്രവചനങ്ങള്‍. ബി.ജെ.പിക്ക് 111 മുതല്‍ 155 സീറ്റുകള്‍ വരെ പ്രവചിക്കപ്പെട്ടു. എന്നാല്‍ ലഭിച്ചത് 58 സീറ്റ്. പരമാവധി 117 സീറ്റ് പ്രവചിക്കപ്പെട്ട ജെ.ഡി.യുവിന് കിട്ടിയത് 178 സീറ്റും.

2015 ഡല്‍ഹി തെരഞ്ഞെടുപ്പ്

70 അംഗ സഭയില്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയ തെരഞ്ഞെടുപ്പാണിത്. 48 സീറ്റുവരെയാണ് പരമാവധി എ.എ.പിക്ക് പ്രവചിക്കപ്പെട്ടിരുന്നത്. 19 മുതല്‍ 27 സീറ്റു വരെ ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും മൂന്നു സീറ്റു മാത്രമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കു കിട്ടിയത്.

Read More >>