രണ്ട് ലക്ഷം രൂപയല്ല, 50,000 രൂപയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളിയതെന്ന് ജ്യോതിരാദിത്യ സിന്ധ്യ; മധ്യപ്രദേശിൽ പോരുമുറുകുന്നു

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അദ്ധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമുള്ള പദ്ധതിയായാണ് കർഷകർക്ക് വായ്പാ ഇളവ് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്തത്.

രണ്ട് ലക്ഷം രൂപയല്ല, 50,000 രൂപയുടെ കാർഷിക വായ്പയാണ് എഴുതിത്തള്ളിയതെന്ന് ജ്യോതിരാദിത്യ സിന്ധ്യ; മധ്യപ്രദേശിൽ പോരുമുറുകുന്നു

മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കമല്‍ നാഥ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് സിന്ധ്യയുടെ ആരോപണം.

കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളുമെന്നായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് കോൺ​ഗ്രസ് വാഗ്ദാനം. എന്നാൽ 50,000 രൂപ വരെയുള്ള വായ്പകൾ മാത്രമാണ് എഴുതിത്തള്ളിയത്. വാ​ഗ്ദാനം നൽകിയതു പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും സിന്ധ്യ ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം സിന്ധ്യയ്‌ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി സജന്‍ സിങ് വര്‍മ രംഗത്തെത്തി. കമല്‍ നാഥ് ഞങ്ങളുടെ മാത്രം മുഖ്യമന്ത്രിയല്ല സിന്ധ്യയുടേത് കൂടിയാണെന്ന് അദ്ദേഹം മനസ്സിലാക്കണമെന്ന് സജന്‍ സിങ് പറഞ്ഞു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അദ്ധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമുള്ള പദ്ധതിയായാണ് കർഷകർക്ക് വായ്പാ ഇളവ് കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്തത്. സർക്കാറിനെതിരെയുള്ള സിന്ധ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷമായ ബിജെപിയും ഇതിനെ ആയുധമാക്കിയിട്ടുണ്ട്.

Read More >>