യു.എൻ പ്രതിനിധി മുതൽ മുഖ്യമന്ത്രിവരെ; പ്രഗല്ഭരെ വാർത്തെടുത്ത് ഈ സ്‌കൂൾ

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ല, ഇന്ത്യയുടെ യു.എൻ പ്രതിനിധി സയിദ് അക്ബറുദ്ദിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെ എന്നിവരെല്ലാം ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

യു.എൻ പ്രതിനിധി മുതൽ മുഖ്യമന്ത്രിവരെ; പ്രഗല്ഭരെ വാർത്തെടുത്ത്  ഈ സ്‌കൂൾ

ഹൈദരാബാദ്: ബിസിനസ് രംഗത്തും ഇന്ത്യൻ രാഷ്ട്രീയ രംഗത്തും പ്രഗല്ഭരായ നിരവധിപേരെ വാർത്തെടുത്ത് ഹൈദരാബാദ് പബ്ലിക് സ്‌കൂൾ.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനദെല്ല, ഇന്ത്യയുടെ യു.എൻ പ്രതിനിധി സയിദ് അക്ബറുദ്ദിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‌ലെ എന്നിവരെല്ലാം ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ മാസ്റ്റർകാർഡ് പ്രസിഡന്റും സി.ഇ.ഒയുമായ അജയ് ബാംഗ,ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിങിന്റെ പ്രേം വാട്‌സ, അഡോബ് സിസ്റ്റം സി.ഇ.ഒ ഷാന്തനു നാരായൺ എന്നിവരും ഈ സ്‌കൂളിലാണ് പഠിച്ചത്.

ഐക്യരാഷ്ട്ര സഭയിൽ കശ്മിരിനുവേണ്ടി ഇന്ത്യയുടെ ഭാഗത്തുനിന്നും സംസാരിച്ച സയിദ് അക്ബറുദ്ദിൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയാണ്.1976ൽ സ്‌കൂളിൽ നിന്നും ജയിച്ച അദ്ദേഹം 1985 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറായി രാജ്യത്തിന്റെ വിദേശ നയതന്ത്രകാര്യങ്ങളിൽ നിർണായക പങ്കുവഹിച്ചു.

രാഷ്ട്രീയം, ബിസിനസ്, സിവിൽ സർവീസ്, കായികം,സിനിമ മേഖലയിലും ഹൈദരാബാദ് പബ്ലിക് സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഒരുപാടുണ്ട്.

കോബ്ര ബീർ സ്ഥാപകനും യു.കെ പാർലമെന്റ് അംഗവുമായ കരൺ ബില്ലിമോറിയ, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.കിരൺ കുമാർ റെഡ്ഡി,ആൾ ഇന്ത്യ മജിലിസ് ഇത്തിഹാദുൽ മുസ്ലിമിൻ(എ.ഐ.എം.ഐ.എം)മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി, മുൻ ക്രിക്കറ്റർ വെങ്കടപതി രാജു,തെലുങ്ക് സിനിമാതാരം അക്കിനേനി നാഗാർജുന, റാണാ ദഗുബട്ടി എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

ഹൈദരാബാദിലെ അവസാന നിസാമായിരുന്ന മിർ ഒസ്മാൻ അലിഖാൻ 1923 ലാണ് സ്‌കൂൾ സ്ഥാപിച്ചത്. പൂർണമായും പ്രഭുക്കന്മാരുടെ മക്കൾക്ക് മാത്രമായിരുന്നു പഠനാവസരം. 1951 ൽ സ്‌കൂൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. എന്നാൽ സ്വാതന്ത്ര്യത്തിനും ഹൈദരബാദ് സ്റ്റേറ്റ് ഇന്ത്യൻ യൂണിയനിൽ ലയിച്ചതിനു ശേഷവും സമ്പന്നരുടെയും രാഷ്ട്രീയനേതാക്കളുടേയും ഐ.എ.എസ് , ഐ.പി.എസ് ഉദ്യോഗസ്ഥരുടേയും മക്കൾക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. 1984മുതലാണ് സ്‌കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ ആരംഭിച്ചത്.

1923ൽ വെറും ആറു കുട്ടികളുമായാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇന്നിവിടെ 3000 കുട്ടികൾ പഠിക്കുന്നുണ്ട്.

ഹൈദരാബാദ് നഗരത്തിൽ 1300 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്‌കൂളിൽ ട്രെക്കിങ് റൂട്ടുകൾ, രണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ, നിരവധി ഹോക്കി,ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയും ഒരു വലിയ ലൈബ്രറിയും ഉണ്ട്. സമൂഹത്തിലെ സാമൂഹികവും സാമ്പത്തികവുമായ സമത്വം കാത്തുസൂക്ഷിക്കുന്ന സ്‌കൂളിൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

Read More >>