ഗാന്ധിയുടെ പേരില്‍ മദ്യബ്രാന്‍ഡ്; പേരും ചിത്രവും ഒഴിവാക്കിയെന്ന് ചെക്ക് റിപ്പബ്ലിക്ക്

കഴിഞ്ഞ മാസം ഇസ്രായേലിലും ഇതേ സംഭവം നടന്നിരുന്നു. ഗാന്ധിയുടെ ചിത്രമാണ് കമ്പനി ഉപയോഗിച്ചത്.

ഗാന്ധിയുടെ പേരില്‍ മദ്യബ്രാന്‍ഡ്; പേരും ചിത്രവും ഒഴിവാക്കിയെന്ന് ചെക്ക് റിപ്പബ്ലിക്ക്

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രവും പേരും ഉപയോഗിച്ച് പുറത്തിറക്കിയിരുന്ന മദ്യബ്രാന്‍ഡ് ' മഹാത്മ' യുടെ ഉല്‍പാദനം നിര്‍ത്തിയതായി ചെക്ക് റിപ്പബ്ലിക്ക്. നിലവില്‍ വിപണിയിലുള്ള ഉല്‍പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ അപമാനിച്ചതിനും, മദ്യനിരോധനം ജീവിതലക്ഷ്യമായി കണ്ട വ്യക്തിത്വത്തെ അവഹേളിച്ചതിനുമെതിരെ നടന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് തീരുമാനം.

ചെക്ക് റിപ്പബ്ലിക്ക് ഡല്‍ഹി എംബസിയിലെ കൊമേഴ്‌സ്യല്‍ എക്കണോമിക്‌സ് കോണ്‍സുലര്‍ മിലന്‍ ദോസ്താലാണ് ഇക്കാര്യം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനെ അറിയിച്ചത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.ബി.ജെ ജോസാണ് മഹാത്മാ ഗാന്ധിയുടെ പേരില്‍ മദ്യബ്രാന്‍ഡിറക്കുന്നതിന് എതിരെ പ്രതിഷേധിച്ചത്. ഇത് ഇന്ത്യയോടുള്ള അനാദരവാണെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചെക്ക് റിപ്പബ്ലിക്കിലെ പിവോവക്രിക് എന്ന മദ്യനിര്‍മ്മാണ കമ്പനിയാണ് ഗാന്ധിജിയുടെ പേരില്‍ മദ്യവില്‍പന നടത്തിയത്. കഴിഞ്ഞ മാസം ഇസ്രായേലിലും ഇതേ സംഭവം നടന്നിരുന്നു. ഗാന്ധിയുടെ ചിത്രമാണ് കമ്പനി ഉപയോഗിച്ചത്. അന്ന് ഫൗണ്ടേഷന്‍ നടത്തിയ പ്രതിഷേധം ആം ആദ്മി പാര്‍ട്ടി എ.പി സഞ്ജയ് രാജ്യസഭയില്‍ ഉന്നയിക്കുകയും തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദ്ദേശപ്രകാരം നയതന്ത്ര ഇടപെടല്‍ വഴി കാര്യം ഇസ്രായേലുമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ഇസ്രായേല്‍ ഖേദം പ്രകടിപ്പിക്കുകയും ഗാന്ധിയുടെ ചിത്രം ഒഴിവാക്കുകയും ചെയ്തു.

Read More >>