ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ; ബി.ജെ.പി എം.പിയുടെ ജി.ഡി.പി പ്രസ്താവനയിൽ പ്രതികരണവുമായി ചിദംബരം

കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും ഡുബേയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ; ബി.ജെ.പി എം.പിയുടെ ജി.ഡി.പി പ്രസ്താവനയിൽ പ്രതികരണവുമായി ചിദംബരം

ന്യൂഡൽഹി: രാജ്യത്തെ ജി.ഡി.പിയെക്കുറിച്ചുള്ള ബി.ജെ.പി എം.പി നിഷികാന്ത് ഡുബേയുടെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. 'ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ'-എന്നായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ബി.ജെ.പിക്കെതിരെ ചിദംബരം പ്രസ്താവന നടത്തിയത്.

നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിലും അതേ നിയമനിർമ്മാണത്തിലെ ഓർഡിനൻസിനെ അംഗീകരിക്കുന്ന പ്രമേയത്തിലും പങ്കെടുക്കവെയാണ് ഡുബേ ജി.ഡി.പിയെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ജി.ഡി.പിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അതിനെ ബൈബിളോ രാമായണമോ മഹാഭാരതമോ ആയി കണക്കാക്കരുതെന്നുമായിരുന്നു ഡുബേയുടെ പ്രസ്താവന.

" ജി.ഡി.പി കണക്കുകൾക്ക് പ്രസക്തിയില്ല, വ്യക്തിഗത നികുതി കുറയ്ക്കും, ഇറക്കുമതി തീരുവ കൂട്ടും. ഇതാണ് പരിഷ്‌ക്കാരങ്ങൾക്കുള്ള ബി.ജെ.പിയുടെ ആശയങ്ങൾ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ."- ചിദംബരം ട്വീറ്റ് ചെയ്തു.

ഐ.എൻ.എക്‌സ് മീഡിയാ കേസിൽ പെട്ട് തിഹാർ ജയിലിലാണ് ചിദംബരം ഇപ്പോൾ ഉള്ളത്.

കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയും ഡുബേയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'പുതിയ ഇന്ത്യയിലെ പുതിയ സാമ്പത്തിക വിദഗ്ദ്ധരിൽ നിന്ന് ദൈവം ജനങ്ങളെ രക്ഷിക്കട്ടെ'-എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവാണ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 4.5 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചയെന്ന് കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം വെള്ളിയാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ജൂണ്‍ പാദത്തിലെ അഞ്ചു ശതമാനത്തില്‍ നിന്നാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ച്ച അര ശതമാനം താഴോട്ടു പോയത്. മാന്ദ്യം പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ വേണ്ടത്ര ഫലം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. 2013 വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിലാണ് ഇതിന് മുമ്പ് വളര്‍ച്ച ഇത്രയും താഴേക്കു പോയത്. തുടര്‍ച്ചയായ ആറാം പാദത്തിലാണ് ജി.ഡി.പി നിരക്ക് താഴേക്കു പോകുന്നത്. എട്ട് അടിസ്ഥാന വ്യവസായ മേഖലകളിലെ സൂചികയും താഴോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ, മിക്ക റേറ്റിങ് സ്ഥാപനങ്ങളും ജി.ഡി.പി നിരക്ക് താഴുമെന്ന് പ്രവചിച്ചിരുന്നു.

Read More >>