എന്നെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി; കോളജിന് മുഴുവൻ അറിയാം എന്താണ് നടന്നതെന്ന്: ചിൻമയാനന്ദിനെതിരെ പെൺകുട്ടി

എന്നാൽ, ഒരു ആയുസ്സിൽ അനുഭവിക്കാനുള്ളത് മുഴുവൻ ഈ വർഷത്തിനുള്ളിൽ ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ടാണ് ഇക്കാര്യം തെളിവ് സഹിതം പുറംലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്

എന്നെ അയാളുടെ മുറിയിലേക്ക് കൊണ്ടുപോയി; കോളജിന് മുഴുവൻ അറിയാം എന്താണ് നടന്നതെന്ന്: ചിൻമയാനന്ദിനെതിരെ പെൺകുട്ടി

ന്യൂഡൽഹി: തനിക്ക് എന്താണ് സംഭവിച്ചതെന്ന് കോളജിലെ മുഴുവൻ പേർക്കും അറിയാമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡനം ആരോപിച്ച പെൺകുട്ടി.

ഒരു വർഷത്തിലേറെയായി ചിൻമയാനന്ദ് തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച 23 കാരിയായ യുവതി, മുൻ ബി.ജെ.പി എംപിയുടെ 35 വീഡിയോകളെങ്കിലും തന്റെ പക്കലുണ്ടെന്നും പറയുന്നു. ഈ വീഡിയോകളിലൂടെ തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പെൺകുട്ടി സൺഡേ എക്‌സ്പ്രസിനോട് പറഞ്ഞു. ചിന്ദമയാനന്ദിന്റെ വസതിയിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോയപ്പോൾ ഒളിക്യാമറയുള്ള കണ്ണട ധരിച്ചിരുന്നുവെന്നും അതുവഴി വീഡിയോ പകർത്തിയിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

തന്നെ കോളജിലെ മറ്റ് കുട്ടികളുമായി ഇടപഴകാൻ ചിന്മയാനന്ദും അദ്ദേഹത്തിന്റെ അനുയായിയും അനുവദിച്ചിരുന്നില്ല. അവർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. കോളജിലെ മറ്റൊരു ബിരുദ വിദ്യാർത്ഥിയും അദ്ധ്യാപകനും തന്നെ നിരന്തരം ചിന്മയാനന്ദിന്റെ വസതിയിലേക്ക് വിളിക്കുമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. താൻ നിയമ ബിരുദം പഠിക്കുമ്പോൾ തനിക്ക്ചിന്മയാനന്ദിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പിന്നീട് താൻ എൽ.എൽ.എം ചെയ്യാൻ തീരുമാനിച്ചു. ഇതിനുള്ള ഫീസ് അടക്കാനുള്ള തിയ്യതി കഴിഞ്ഞിരുന്നു. ഈ സമയത്താണ് കോളജ് പ്രിൻസിപ്പാൾ തന്നോട് ചെയർമാനായ ചിന്മയാനന്ദിനെ കാണാൻ പറഞ്ഞത്. അദ്ദേഹത്തിന് തന്നെ സഹായിക്കാനാകുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

എനിക്ക് കോളജിൽ സീറ്റ് ഉറപ്പാണെന്നും പക്ഷേ, കോളജ് ലൈബ്രറിയിൽ ജോലിയിൽ പ്രവേശിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആദ്യം ഞാൻ അത് നിരസിച്ചു. പക്ഷേ, ഈ ജോലി എനിക്ക് ഗുണം ചെയ്യുമെന്നും ലൈബ്രറിയിലേക്ക് ഒരാളെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് നിർബന്ധിച്ച് എന്നെ ലൈബ്രറിയിൽ ജോലിക്കെടുത്തു. ക്രമേണ ജോലി സമയം വൈകാൻ തുടങ്ങി. ഇതേത്തുടർന്ന് ഹോസ്റ്റലിലേക്ക് താമസം മാറ്റാൻ അവർ ഉപദേശിച്ചു. ആ ഹോസ്റ്റലിൽ ഒരു വാർഡൻ പോലും ഉണ്ടായിരുന്നില്ല. അവിടെ വച്ചാണ് എന്റെ ആദ്യത്തെ വീഡിയോ എടുത്തത്. കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു അത്. ഞാൻ കുളിക്കുന്നതിന്റെ വീഡിയോ ആണ് അവർ എടുത്തത്. അത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. ഇതിന് ശേഷം തന്നെ അവർ ഭീഷണിപ്പെടുത്തി. ചിന്മയാനന്ദിന്റെ വസതിയിലേക്ക് ചെല്ലാൻ നിർബന്ധിച്ചു. അവിടെവച്ചാണ് തന്നെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിന്റെ വീഡിയോയും എടുത്തു. പുറത്ത് പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം ചിന്മയാനന്ദ് തന്നെ പീഡിപ്പിച്ചു.

ചിന്മയാനന്ദിന്റെ സഹായി തന്റെ റൂമിന് മുമ്പിൽ വരും. അയാളാണ് എന്നെ ചിന്മയാനന്ദിന്റെ അടുത്ത് എത്തിക്കുക. കോളജിലെ മുഴുവൻ പേർക്കും അറിയാം എന്താണ് സംഭവിക്കുന്നത് എന്ന്. പക്ഷേ എന്നോട് സംസാരിക്കാൻ പോലും ആരും ധൈര്യം കാണിച്ചില്ല. തുറന്നുപറയാനുള്ള ധൈര്യം എനിക്കും ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു ആയുസ്സിൽ അനുഭവിക്കാനുള്ളത് മുഴുവൻ ഈ വർഷത്തിനുള്ളിൽ ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ടാണ് ഇക്കാര്യം തെളിവ് സഹിതം പുറംലോകത്തെ അറിയിക്കാൻ തീരുമാനിച്ചത്. ഇതിനായി ഞാൻ ഒരു ഒളിക്യാമറ വാങ്ങാൻ തീരുമാനിച്ചു. എന്നെ നശിപ്പിക്കാൻ അവർ ഒളിക്യാമറ ഉപയോഗിച്ചു. അതേ മാർഗ്ഗം തന്നെ അവർക്കെതിരെ ഞാനും ഉപയോഗിക്കാൻ തീരുമാനിച്ചു. ഒളിക്യാമറയുള്ള കണ്ണട വാങ്ങുകയാണ് ഞാൻ ചെയ്തത്. ഈ വർഷം ആദ്യമാണ് അത് വാങ്ങിയത്. അതിലൂടെയാണ് ഞാൻ ഇപ്പോൾ സമർപ്പിച്ച വീഡിയോ തെളിവുകൾ ശേഖരിച്ചത്.'- പെൺകുട്ടി പറഞ്ഞു.

മതിയായ തെളിവുകൾ തനിക്ക് ലഭിച്ചുവെന്ന് മനസ്സിലായതോടെ താൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ഓഗസ്റ്റ് 23 ന് ചിൻമയാനന്ദിനെതിരായ വീഡിയോ വൈറലായതോടെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് പൊലീസിന് പരാതി നൽകി. ഓഗസ്റ്റ് 27 ന് ചിൻമയാനന്ദിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം രാജസ്ഥാനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

താൻ ഒരു ദിവസം വീട്ടിലേക്ക് പോകുകയാണെന്ന് കോളേജ് അധികൃതരോട് പറഞ്ഞതായും അവിടെ നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ദില്ലിയിലേക്ക് ഓടിയതായും പെൺകുട്ടി പറഞ്ഞു. 'എന്നെ കണ്ടുപിടിക്കാതിരിക്കാനും വീട്ടുകാരെ ഉപദ്രവിക്കാതിരിക്കാനും വ്യത്യസ്ത ഫോണുകൾ ഉപയോഗിച്ചാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. എന്റെ എഫ്.ഐ.ആർ ആരും രജിസ്റ്റർ ചെയ്യില്ലെന്നും എല്ലാവരും എന്നെ സംശയിക്കുമെന്നും എനിക്കറിയാം. അതിനാൽ, എന്റെയും മറ്റ് പെൺകുട്ടികളുടെയും ജീവിതവും എങ്ങനെ നശിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ഞാൻ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു. ജീവൻ രക്ഷിക്കാൻ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ പോരാട്ടം വളരെക്കാലം നീണ്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ എന്തെല്ലാം ആരോപണങ്ങളും ഉന്നയിക്കാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്, പക്ഷേ എന്റെ പക്കൽ തെളിവുകളുണ്ട്. എന്റെ ജീവിതം നശിപ്പിക്കപ്പെട്ടു, പക്ഷേ മറ്റൊരു പെൺകുട്ടിയുടെയോ ആൺകുട്ടിയുടെയോ ജീവിതം നശിപ്പിക്കപ്പെടില്ലെന്ന് ഞാൻ ഉറപ്പുവരുത്തണം.'-പെൺകുട്ടി പറഞ്ഞു.

Read More >>