'അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറക്കാന്‍ ഇന്ത്യ സൈനിക നടപടികള്‍ ആരംഭിച്ചേക്കാം': ഇമ്രാന്‍ ഖാന്‍

ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന വാര്‍ത്തകളെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാറിന്റെ തന്ത്രങ്ങളാണ്.

അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറക്കാന്‍ ഇന്ത്യ സൈനിക നടപടികള്‍ ആരംഭിച്ചേക്കാം: ഇമ്രാന്‍ ഖാന്‍

ലാഹോര്‍:അധിനിവേശ കശ്മീരില്‍ നടന്നുകൊണഅടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറക്കാന്‍ ഇന്ത്യ സൈനിക നടപടികള്‍ ആരംഭിച്ചേക്കാനമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കശ്മീരില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളെ കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകളേയും ഇമ്രാന്‍ വിമര്‍ശിച്ചു. അഫ്ഗാനിസ്താനില്‍ നിന്നുള്ള ചില ഭീകരവാദികള്‍ ഇന്ത്യന്‍ ഒക്യുപൈഡ് കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് കണ്ടിരുന്നു. ദക്ഷിണേന്ത്യയിലും തീവ്രവാദി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അവകാശവാദങ്ങളെല്ലാം മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാന്‍ കശ്മീരില്‍ നടത്തുന്ന നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ഇമ്രാന്‍ വിമര്‍ശിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുകയും ആശയവിനിമയ സംവിധാനങ്ങളെല്ലാം തന്നെ തടസപ്പെടുത്തുകയും ചെയ്തിരുന്നു. കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും മറ്റും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പ്രത്യേക പദവി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത്.

Read More >>