ഇന്ന് 71ാം റിപ്പബ്ലിക് ദിനം; ചടങ്ങുകൾ തുടങ്ങുക രാജ്പഥില്‍, ബ്രസീൽ പ്രസിഡന്‍റ് മുഖ്യാതിഥി

റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോള്‍സൊനാരോ ആണ്.

ഇന്ന് 71ാം റിപ്പബ്ലിക് ദിനം; ചടങ്ങുകൾ തുടങ്ങുക രാജ്പഥില്‍, ബ്രസീൽ പ്രസിഡന്‍റ് മുഖ്യാതിഥി

രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പതിവിന് വിപരീതമായി, ഈ വർഷത്തെ റിപ്പബ്ലിക് ദിന നടപടികൾ ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കില്ല, പകരം ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിക്കും. രാവിലെ ഒമ്പത് മണിയോടെ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങുക.

റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 എന്നീ വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ ബ്രസീലിയൻ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനെ, നാവിക മേധാവി അഡ്മിറൽ കരംബീർ സിങ്, വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ.എസ്.ബദൗരിയ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് യെസോ നായിക്, പ്രതിരോധ സെക്രട്ടറി അജയ് ഗഡ് എന്നിവർ ചടങ്ങിൽ പ്രധാനമന്ത്രിയെ അനുഗമിക്കും.

90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറൽ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങൾ. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും ഉണ്ടാകും. സാംസ്കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ.

Read More >>