പ്രതിരോധ സേനകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സേനകൾ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെ അറിയിച്ചിട്ടുണ്ട്.

പ്രതിരോധ സേനകൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്നു റിപ്പോർട്ട്. സർക്കാർ കൂടുതൽ പണം അനുവദിച്ചില്ലെങ്കിൽ പുതുതായി ആയുധങ്ങൾ വാങ്ങിയതിനും നിലവിലുള്ള കരാറുകൾക്കും പണം നൽകാൻ 2019-2020 സാമ്പത്തിക വർഷത്തിൽ നാവിക സേനയ്ക്കും വ്യോമസേനയ്ക്കുമാകില്ല. കരസേനയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും മറ്റു രണ്ടു സേനകളേക്കാൾ ഫണ്ട് ഇവർക്ക് ലഭിച്ചിട്ടുണ്ട്.

പല സൈനിക കേന്ദ്രങ്ങളുടെയും വ്യോമ ആസ്ഥാനങ്ങളുടെയും മറ്റും നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതു വരെയുള്ള ബാദ്ധ്യതകൾ നിറവേറ്റാനുള്ള പണം പോലും 2019-20 ഇടക്കാല ബജറ്റിൽ സൈന്യത്തിനു അനുവദിച്ചിട്ടില്ല.

മൂന്നു സേനകൾക്കായി 1.03 ലക്ഷം കോടി രൂപയാണ് മൂലധനമായി ഇടക്കാല ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ 23,156. 43 കോടി രൂപ നാവിക സേനയ്ക്കാണ്. ഇതുവരെയുള്ള കരാറുകളും മറ്റു ബാദ്ധ്യതകൾക്കുമായി 25,461 കോടി രൂപ സേനയ്ക്ക് ആവശ്യമാണ്. ഇതിനുള്ള തുകപോലും ബജറ്റിൽ അനുവദിച്ചിട്ടില്ല. യുദ്ധക്കപ്പലുകൾ, മിസൈലുകൾ, വിമാനങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റേയും വ്യോമ ആസ്ഥാനങ്ങള്‍ നിർമ്മിച്ചതിന്റേയും കരാർ തുകയാണ് നാവിക സേന നൽകേണ്ടത്. സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ നാവികസേന ചെലവു ചുരുക്കേണ്ടി വരുമെന്നും കരാർ തുക നൽകുന്നത് വൈകിപ്പിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

'കരാർ തുക നൽകുന്നത് വൈകിപ്പിക്കേണ്ട സാഹചര്യമുണ്ടായേക്കാം. ഇതു വരെ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇത് നല്ലൊരു പ്രവണതയല്ല. ഇത് രാജ്യത്തെ മോശമായി ബാധിക്കും'- പ്രതിരോധ മന്ത്രാലയം മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അമിത് കൗഷിഷ് പറയുന്നു.

സമാന സ്ഥിതിയാണ് വ്യോമസേനയിലും. 39,302.64 കോടി രൂപയാണ് വ്യോമസേനയ്ക്ക് അനുവദിച്ചത്. എന്നാൽ 47,413 കോടി രൂപ റഫാൽ അടക്കമുള്ള വിവിധ കരാറുകൾക്കായി ആവശ്യമാണ്. മറ്റു സേനാ വിഭാഗങ്ങളെ അപേക്ഷിച്ച് കരസേനയ്ക്ക് ബാധ്യതകൾ കുറവാണ്. 21,600 കോടി രൂപയാണ് ഇതുവരെ തയ്യാറാക്കിയ കരാറുകൾ പ്രകാരം 2019-20 വർഷത്തേക്ക് ആവശ്യം. കരസേനയ്ക്ക് 29,447.28 കോടി അനുവദിച്ചിട്ടിട്ടുണ്ട്. ഉറിയിലും കശ്മീരിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനു വേണ്ടി 2018 ഫെബ്രുവരിയിൽ അനുവദിച്ച 1,487 കോടി രൂപ ഇതു വരെ കരസേനയ്ക്ക് ലഭിച്ചിട്ടില്ല. 10 ദിവസത്തേക്കുള്ള ശക്തമായ യുദ്ധത്തിനു വേണ്ട ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും ശേഖരിച്ചു വയ്ക്കാൻ സൈന്യം ശ്രമിക്കുന്നുണ്ട്. 2016ലെ ഉറി ആക്രമണത്തിനു ശേഷമാണ് ആയുധങ്ങൾ ശേഖരിക്കാൻ ആരംഭിച്ചത്.

സേനകൾ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെ അറിയിച്ചിട്ടുണ്ട്. മന്ത്രി ഇക്കാര്യത്തിൽ ധന മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ടെന്നു പേരു വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നു തിങ്ക്-ടാങ്ക് സ്‌റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. 2013-17ൽ ലോകത്ത് നടന്ന ആയുധ ഇടപാടിൽ ഇന്ത്യയുടെ പങ്ക് 12 ശതമാനമായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിക്കും. 2018 ഏപ്രിൽ ഒന്നു മുതൽ 9.4 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിനുണ്ടായത്.

ബജറ്റിൽ അനുവധിച്ച മൂലധനം

സേന അനുവദിച്ചത് ബാദ്ധ്യത

കരസേന 29,447.28 21,600

നാവിക സേന 23,156.43 25,461

വ്യോമസേന 39,302.64 47,413

Read More >>