ഡൽഹിയിൽ കോൺഗ്രസിനെ നയിക്കാൻ അൽക ലാംബ? സോണിയാ ഗാന്ധിയെ കണ്ടു; തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമോ കോൺഗ്രസ്?

പാർട്ടിയുടെ ഉത്തരവാദിത്വം യുവ നേതാവിനെ ഏൽപ്പിക്കാനാണ് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്

ഡൽഹിയിൽ കോൺഗ്രസിനെ നയിക്കാൻ അൽക ലാംബ? സോണിയാ ഗാന്ധിയെ കണ്ടു; തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമോ കോൺഗ്രസ്?

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവും ചാന്ദ്‌നി ചൗക്കിലെ സ്ഥാനാർത്ഥിയുമായിരുന്ന അൽക ലാംബ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്കിടയാക്കിടയാക്കുന്നു. തെരഞ്ഞെടുപ്പു പരാജയ അവലോകനത്തോടൊപ്പം പുനഃസംഘടനയും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് അഭ്യൂഹങ്ങൾ.

നിലവിൽ നേതൃത്വമില്ലാത്ത അവസ്ഥയിലാണ് ഡൽഹി കോൺഗ്രസ് പ്രവർത്തിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് സുഭാഷ് ചോപ്ര ചെയർമാൻ സ്ഥാനം രാജി വച്ചിരുന്നു. പി.സി ചാക്കോയും സ്ഥാനം രാജിവച്ചിരുന്നു. നിലവിൽ ശക്തി സിങ് ഗോഹ്ലിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ബിഹാർ കോൺഗ്രസിന്റെ ചുമതലയും ഗോഹ്ലിക്കാണ്. ഈ വർഷം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡൽഹി കോൺഗ്രസിനെ മുന്നോട്ടു നയിക്കാൻ ഒരു മുഴുവൻ സമയ അദ്ധ്യക്ഷന്റെ ആവശ്യമുണ്ട്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് 2022ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായമായ ഒരു നേതാവിനു പകരം പാർട്ടിയുടെ ഉത്തരവാദിത്വം യുവ നേതാവിനെ ഏൽപ്പിക്കാനാണ് കോൺഗ്രസ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എങ്കിൽ അവർക്ക് മുഴുവൻ ശക്തിയും നൽകി പാർട്ടിക്കു കരുത്തും ഊർജ്ജവും നൽകാൻ സാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. അൽക ലാംബ, ദേവേന്ദ്ര യാവ് എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൂടുതലായി പറഞ്ഞുകേൾക്കുന്നത്.

ഡൽഹി തെരഞ്ഞെടുപ്പിൽ അൽക ലാംബയെ കളത്തിലിറക്കി കുത്തക സീറ്റായ ചാന്ദ്‌നി ചൗക്ക് തിരിച്ചുപിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ കനത്ത പരാജയമാണ് അൽക ലാംബയ്ക്കു നേരിടേണ്ടി വന്നത്. 3881 വോട്ടോടെ ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് അൽക ലാംബ എത്തിയത്. 2015ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി സ്ഥാനാർത്ഥിയായി മത്സരിച്ച അൽക ലാംബ 18,287 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്. പിന്നീട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അൽക പാർട്ടിയിൽ നിന്നു പുറത്തു പോയത്. തുടർന്ന് കോൺഗ്രസിൽ ചേരുകയായിരുന്നു.

Next Story
Read More >>