സവർക്കർ ഭീരുവായിരുന്നോ? രാഹുലിന്റെ പരാമർശത്തിൽ ശിവസേന മറുപടി പറയണം: അമിത് മാളവ്യ

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്

സവർക്കർ ഭീരുവായിരുന്നോ? രാഹുലിന്റെ പരാമർശത്തിൽ ശിവസേന മറുപടി പറയണം: അമിത് മാളവ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ 'സവർക്കർ' പരാമർശത്തിൽ ശിവസേനയുടെ മറുപടി വേണമെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. സവർക്കർ മാപ്പപേക്ഷിച്ച ഒരു ഭീരുവായിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ശിവസേന നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ് ശിവസേന ഭരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അമിത് മാളവ്യ ശിവസേനയോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന കോൺഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 'റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടതുപോലെ ഞാൻ മാപ്പു പറയില്ല. എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്, രാഹുൽ സവർക്കർ എന്നല്ല. മാപ്പുപറയേണ്ടത് മോദിയും അമിത്ഷായുമാണ്'-എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ 'റെയ്പ് ഇൻ ഇന്ത്യ' പരാമർശം നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 'നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.' -എന്നിങ്ങനെയായിരുന്നു രാഹുൽ പറഞ്ഞത്.

പരാമർശത്തിൽ രാഹുൽ മാപ്പു പറയണമെന്നും ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ ബഹളം വച്ചിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ നടപടിവേണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ആഹ്വാനം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്കുള്ള ഇത് രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ ഇത്? രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണം.'- എന്നായിരുന്നു സ്മൃതി ഇറാനി ആവശ്യപ്പെട്ടത്.

Read More >>