ജാമിയയിലെ പൊലീസ് അതിക്രമം: നഷ്ടപരിഹാര ഹര്‍ജിയില്‍ പൊലീസിനും കേന്ദ്രത്തിനും ഹൈക്കോടതിയുടെ നോട്ടീസ്

പൊലീസ് ലൈബ്രറിയില്‍ കയറി വിദ്യാർത്ഥികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും വീഡിയോ എഡിറ്റഡ് ആണ് എന്നുമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ പ്രതികരണം.

ജാമിയയിലെ പൊലീസ് അതിക്രമം: നഷ്ടപരിഹാര ഹര്‍ജിയില്‍ പൊലീസിനും കേന്ദ്രത്തിനും ഹൈക്കോടതിയുടെ നോട്ടീസ്

ജാമിയ സര്‍വകലാശാലയിൽ അതിക്രമിച്ചുകയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. 2019 ഡിസംബര്‍ 15ന് നടന്ന പൊലീസ് നരനായാട്ടിൽ പരിക്കേറ്റ ഷയ്യാന്‍ മുജീബ് എന്ന വിദ്യാര്‍ത്ഥി സമർപ്പിച്ച നഷ്ടപരിഹാര ഹർജിയിലാണ് കോടതി നടപടി.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർത്ഥി കോടതി സമീപിച്ചിരിക്കുന്നത്. ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതയ്ക്കുന്നതിനിടെയാണ് ഷയ്യാന്‍ മുജീബിന് രണ്ട് കാലിനും പരിക്കേറ്റത്. ഇതിൻെറ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ചെലവായതാണ് ഹർജിയിൽ പറയുന്നത്.

അതേസമയം പൊലീസ് ലൈബ്രറിയില്‍ കയറി വിദ്യാർത്ഥികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും വീഡിയോ എഡിറ്റഡ് ആണ് എന്നുമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. നേരത്തെ തങ്ങൾ ലൈബ്രറിക്കകത്തോ ക്യാമ്പസിനകത്തോ കയറി യാതൊരു അക്രമവും നടത്തിയിട്ടില്ലെന്നായിരുന്നു പൊലീസിൻെറ വാദം.

സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിയാണ് ലെെബ്രറിക്കുള്ളിലടക്കമുള്ള പൊലീസ് അതിക്രമത്തിൻെറ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. ലൈബ്രറിയില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി വീഡിയോയില്‍ വ്യക്തമായി കാണാം. യാതൊരു അനുമതിയും വാങ്ങിയല്ല പൊലീസ് കാമ്പസിനകത്ത് കയറിയത് എന്ന് വിസിയും പ്രോക്ടറും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പൊലീസ് അതിക്രമത്തിൽ 100ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. സർവ്വകലാശാലയും വിദ്യാർത്ഥികളും നൽകിയ പൊലീസിനെതിരെ നൽകിയ പരാതികളില്‍ രണ്ട് മാസമായിട്ടും ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതേത്തുടര്‍ന്നാണ് പൊലീസ് കോടതിയെ സമീപിച്ചത്. പൊലീസ് നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

Story by
Next Story
Read More >>