ക്രിമിനലുകളെപ്പോലയാണ് കണ്ടത്, കൈകൾ പൊക്കി ക്യാമ്പസിൽ നിന്ന് പുറത്തുകടക്കാൻ പറഞ്ഞു; പൊലീസ് നടപടിയെക്കുറിച്ച് ജാമിയ വിദ്യാർത്ഥികൾ പറയുന്നു

പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വൈദ്യ സഹായം പോലും നിഷേധിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു

ക്രിമിനലുകളെപ്പോലയാണ് കണ്ടത്, കൈകൾ പൊക്കി ക്യാമ്പസിൽ നിന്ന് പുറത്തുകടക്കാൻ പറഞ്ഞു; പൊലീസ് നടപടിയെക്കുറിച്ച് ജാമിയ വിദ്യാർത്ഥികൾ പറയുന്നു

ന്യൂഡൽഹി: അധികൃതരുടെ അനുവാദമില്ലാത്ത ക്യാമ്പസിനകത്ത് കടന്ന പൊലീസ് തങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ. വനിതാ പൊലീസുകാരില്ലായിരുന്നുവെന്നും പുരുഷ പൊലീസുകാർ വിദ്യാർത്ഥിനികളെ പിടിച്ചു തള്ളിയെന്നും അവർ ആരോപിച്ചു.

'കൈകൾ മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ക്യാമ്പസിൽ നിന്ന് പുറത്തുകടക്കണമെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ പോകുക പോലും ചെയ്തിട്ടില്ല. ഞങ്ങളെല്ലാവരും ക്യാമ്പസിന് അകത്തായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് ഞങ്ങളെ ക്രിമിനലുകളെപ്പോലെയാണ് കണ്ടത്' -പൊലീസ് നടപടിയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പറഞ്ഞു.

ക്യാമ്പസിനകത്തെ പള്ളിയിൽ പ്രാർത്ഥനാ കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെപ്പോലും പൊലീസ് വെറുതെ വിട്ടില്ലെന്ന് മറ്റൊരു വിദ്യാർത്ഥിയായ മുഹമ്മദ് കമിൽ പറഞ്ഞു. 'ക്യാമ്പസിനകത്ത് കടന്ന പൊലീസ് പള്ളിയിലെത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നവരെ പരിഹസിച്ചു. അവർ ഞങ്ങളുടെ ലൈബ്രറിയും കാന്റീനും നശിപ്പിച്ചു. മറ്റെന്തെല്ലാം നാശനഷ്ടങ്ങളാണ് പൊലീസ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് അറിയില്ല.'-കമിൽ പറഞ്ഞു.

പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വൈദ്യ സഹായം പോലും നിഷേധിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. ലൈബ്രറിയുടെ ജനൽ ചില്ലുകൾ പൊലീസ് തകർത്തു. ഈ സമയം, ലൈബ്രറിയ്ക്കകത്ത് അറുപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.

'ചില വിദ്യാർത്ഥികൾ സ്വയം രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന്റെ അടിയിൽ ഒളിച്ചിരുന്നു. ഇത് വളരെ ഭീതിതമായ അവസ്ഥയായിരുന്നു. ഇതേക്കുറിച്ച് സുഹൃത്തുക്കൾക്ക് സർവകലാശാല അധികൃതർക്കും ഞങ്ങൾ സന്ദേശം അയച്ചിരുന്നു. സർവകലാശാലയിലെ ലൈറ്റുകൾ ഓഫാക്കിയിരുന്നു.'-പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർത്ഥിനി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ജാമിയ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടപടിയെടുത്തത്. സർവ്വകലാശാല അധികൃതരുടെ അനുവാദം പോലും ഇല്ലാതെ കാംപസിനകത്തേക്ക് കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ വൻ അക്രമണമാണ് നടത്തിയത്. ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി വിദ്യാർഥികളും രാഷ്ട്രീയപ്പാർട്ടികളും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജാമിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ബോംബെ സർവകലാശാല, ,ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികൾ തെരുവിലിറങ്ങി.

ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പതോളം വിദ്യാർത്ഥികളേയും വിട്ടയച്ചു. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ വിട്ടയച്ചതായി ഡൽഹി പോലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു. 50 വിദ്യാർത്ഥികളിൽ 35 പേരെ കൽകാജി പൊലീസ് സ്റ്റേഷനിൽ നിന്നും 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് വിട്ടയച്ചത്.

Read More >>