രാമന്റെ പേരിൽ കൊല്ലുന്നത് ഹിന്ദു ധർമ്മത്തെ അപമാനിക്കലാണ്: ശശി തരൂർ

ഒരു തെരഞ്ഞെടുപ്പ് ഫലം ചില ആളുകൾക്ക് ഒരാളെ കൊല്ലാൻ പോലുമുള്ള അനുവാദം നൽകിയിരിക്കുന്നു

രാമന്റെ പേരിൽ കൊല്ലുന്നത് ഹിന്ദു ധർമ്മത്തെ അപമാനിക്കലാണ്: ശശി തരൂർ

പൂനെ: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ശശി തരൂർ എം.പി. പൂനെയിൽ നടക്കുന്ന ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവലിലാണ് മോദി സർക്കാരിനെതിരെ തരൂർ വിമർശനമുന്നയിച്ചത്. ' കഴിഞ്ഞ ആറ് വർഷമായി എന്താണ് നാം കണ്ടുകൊണ്ടിരിക്കുന്നത്? പൂനെയിൽ മുഹസിൻ ഷെയ്ഖിനെ കൊന്നതു മുതലാണ് ഇതിന്റെ തുടക്കം. പിന്നീട് മുഹമ്മദ് അഖ്‌ലഖ് ഖാൻ ബീഫ് കൈവശം വച്ചതിന്റെ പേരിൽ കൊല്ലപ്പെട്ടു. എന്നാൽ, അത് ബീഫ് ആയിരുന്നില്ലെന്ന് പിന്നീടാണ് പുറത്തുവന്നത്. ഇനി അത് ബീഫ് ആയിരുന്നെങ്കിൽ കൂടി ആരാണ് ഒരാളെ കൊല്ലാനുള്ള അവകാശം നൽകിയത്? ഇതാണോ നമ്മുടെ ഭാരതം? ഇതാണോ ഹിന്ദു ധർമ്മത്തിൽ പറയുന്നത്? ഞാൻ ഒരു ഹിന്ദുവാണ്, പക്ഷേ ഞാൻ ഇതുപോലെയല്ല. ഒരാളെ കൊല്ലുമ്പോൾ ജയ് ശ്രീറാം എന്ന് വിളിക്കാൻ അവർ ആവശ്യപ്പെടുന്നു. ഇത് ഹിന്ദു ധർമ്മത്തിന് അപമാനകരമാണ്. രാമന്റെ പേരിൽ ഒരാളെ കൊല്ലുന്നത് രാമനെ അപമാനിക്കുന്നതിന് തുല്യമാണ്.'- തരൂർ പറഞ്ഞു.

പശുക്കളെ ഡെയറി ഫാമിലേക്ക് ലോറിയിൽ കൊണ്ടുപോകാൻ പെഹ്‌ലു ഖാന് ലൈസൻസ് ഉണ്ടായിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഫലം ചില ആളുകൾക്ക് ഒരാളെ കൊല്ലാൻ പോലുമുള്ള അനുവാദം നൽകിയിരിക്കുന്നുവെന്നും തരൂർ തുറന്നടിച്ചു.

ഇന്ത്യയിൽ ഇന്ന് ആകെ കറുപ്പും വെളുപ്പും മാത്രമേ തിരഞ്ഞെടുക്കാനുള്ളൂ. അവിടെ സഹിഷ്ണുതയ്ക്ക് സ്ഥാനമില്ല. ഇത്തരം രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണം ഭരണകക്ഷിയാണെന്നും തരൂർ പറഞ്ഞു.

'ഹിന്ദുക്കളുടെ മാർഗം എന്നൊന്നില്ലെന്നും തരൂർ പറഞ്ഞു. എന്റെ അല്ലെങ്കിൽ അവന്റെയോ അവളുടെയോ ഹിന്ദു മാർഗം, അതാണ് ഉള്ളത്. ഹിന്ദു മതത്തിന് കർശന ഉപാധികളൊന്നുമില്ലെന്നതാണ് ഇതിന്റെ കാരണം. എനിക്ക് രാമനെ ആരാധിക്കാം, എനിക്ക് ഹനുമാൻ ചാലിസ വായിക്കാം. അപ്പോൾ ഞാൻ ഹിന്ദുവാണ്. എന്നാൽ, ആരെങ്കിലും താൻ ഇതൊന്നും വായിക്കാറില്ലെന്നും എങ്കിലും ഹിന്ദുവാണെന്നും പറഞ്ഞാൽ അവരും ശരിയാണ്. എന്നാൽ ഇതൊന്നും ബി.ജെ.പിക്കും സംഘ് പരിവാറിനും മനസ്സിലാകില്ല.'-തരൂർ പറഞ്ഞു.

Read More >>