കോണ്‍ഗ്രസിന് വേണ്ടി 14 മാസം അടിമപ്പണി ചെയ്തു: കുമാരസ്വാമി

14 മാസത്തിനിടെ 19,000 കോടി രൂപയാണ് കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ മണ്ഡലത്തിനായി മാത്രം അനുവദിച്ചത്

കോണ്‍ഗ്രസിന് വേണ്ടി 14 മാസം അടിമപ്പണി ചെയ്തു: കുമാരസ്വാമി

ബെംഗ്ലുരു: കോണ്‍ഗ്രസിന് വേണ്ടി 14 മാസം താന്‍ അടിമപ്പണി ചെയ്തുവെന്ന് ജെ.ഡി(എസ്)നേതാവ് എച്ച്്.ഡി കുമാരസ്വാമി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായി ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം തുറന്നുപറച്ചില്‍ നടത്തിയത്്. തന്റെ സര്‍ക്കാറിന്റെ ഭരണകാലത്ത് സഖ്യകക്ഷിയായ കോണ്‍ഗ്രസിന് വേണ്ടിയും എ.എല്‍എ മാര്‍ക്ക് വേണ്ടിയും അടിമപ്പണി ചെയ്തിരുന്നു. അവരുടെ എം.എല്‍എ മാര്‍ക്കും, കോര്‍പറേഷന്‍ ചെയര്‍മാനുപോലും എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുത്തിരുന്നു. എന്നിട്ടും അവരെന്തിനാണെന്നെ കുറ്റപ്പെടുത്തുന്നതെന്ന് മനസിലാവുന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു. നിരവധി ജെ.ഡി(എസ്) നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി കൈ കോര്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അവരുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ നേതാക്കള്‍ അതൃപ്തരായിരുന്നു. കോണ്‍ഗ്രസ് ഒരിക്കല്‍ പിന്‍തള്ളുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനവിധിക്ക് ശേഷം ജെ.ഡി(എസ്) യുമായി സഖ്യം ചേരുന്നതിന് കോണ്‍ഗ്രസ് നേതൃത്വമാണ് മുന്‍കൈ എടുത്തത്. അപ്പോഴും ഞങ്ങളുടെ ചില പ്രാദേശിക നേതാക്കള്‍ക്ക് ആ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. ആദ്യ ദിനം മുതല്‍ തന്നെ ചില കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ പൊതുജനമധ്യത്തില്‍ പെരുമാറിയ വിധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എങ്കില്‍ കൂടി സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എ മാരെക്കാളും അധികം ഫണ്ട് കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ മണ്ഡലങ്ങള്‍ക്ക് അനുവദിച്ചിരുന്നുവെന്ന് കുമാരസ്വാമി പറഞ്ഞു. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വന്നിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ മാരെ പോലും കാണാന്‍ എപ്പോഴും തയ്യാറായിരുന്നു. അവരുടെ മണ്ഡലങ്ങളിലെ വികസനപദ്ധതികള്‍ക്ക് ഉടനടി പണം അനുവദിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് സാധിക്കാത്ത പല കാര്യങ്ങളും ഭരണത്തിലിരുന്നപ്പോള്‍ സാധ്യമാക്കി. 14 മാസത്തിനിടെ 19,000 കോടി രൂപയാണ് കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ മണ്ഡലത്തിനായി മാത്രം അനുവദിച്ചതെന്ന് കുമാരസ്വാമി വെളിപ്പെടുത്തി.

തന്റെ ആത്മാര്‍ത്ഥത ആരും കാണാത്തതിലുള്ള ദു:ഖവും കുമാരസ്വാമി മറച്ചുവെച്ചില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടിറങ്ങിയത് ഇപ്പോള്‍ ആശ്വാസമാണെങ്കിലും 14 മാസം സംസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെട്ടത് ആരും കാണാത്തതില്‍ വിഷമമുണ്ട്. ഭാവിയിലും പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്‍പര്യമില്ല. എന്നാല്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ജെ.ഡി(എസ്) മായി നല്ല സഹകരണത്തിലാണെന്നും ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Read More >>