കർണ്ണാടകയിൽ വീണ്ടും സഖ്യം?; ഡി.കെ ശിവകുമാറും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തി

ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമാണെങ്കിൽ വീണ്ടും സഖ്യത്തിലെത്താൻ ഇരുപാര്‍ട്ടികളും താത്പര്യപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും കൂടിക്കാഴ്ച.

കർണ്ണാടകയിൽ വീണ്ടും സഖ്യം?; ഡി.കെ ശിവകുമാറും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തി

കർണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തി. ഹുബ്ബള്ളി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ വെച്ച് നടന്ന കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു.

ബെലഗാവിയില്‍ നിന്ന് ചിക്കബല്ലാപുരിലേക്കുള്ള യാത്രായ്ക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കുമാരസ്വാമി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഈ സമയം ബെംഗളൂരുവിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയതായിരുന്ന ശിവകുമാര്‍. എന്നാല്‍ സൗഹൃദ സംഭാഷണങ്ങള്‍ മാത്രമാണ് തങ്ങൾ നടത്തിയതെന്ന് ഇരുനേതാക്കളും പിന്നീട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് കോൺ​ഗ്രസ്- ജെ.ഡി.എസ് മന്ത്രി സഭ താഴെ വീണതോടെ സഖ്യം തകർന്നിരുന്നു. ഡിസംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പാണ് നിലവിലെ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുക. ഇതോടെ വലിയ പ്രാധാന്യത്തോടെയാണ് 15 സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാർട്ടികൾ നോക്കിക്കാണുന്നത്. 15ൽ കുറഞ്ഞത് എട്ടെണ്ണത്തിലെങ്കിലും വിജയിച്ചെങ്കിൽ മാത്രമേ യെദിയൂരപ്പയ്ക്ക് തുടരാനാകൂ. ഡിസംബര്‍ ഒമ്പതിനാണ് ഫലം പുറത്തുവരിക.

ഫലം അനുകൂലമാണെങ്കിൽ വീണ്ടും സഖ്യത്തിലെത്താൻ ഇരുപാര്‍ട്ടികളും താത്പര്യപ്പെടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ശിവകുമാറിന്റെയും കുമാരസ്വാമിയുടെയും കൂടിക്കാഴ്ച. ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാൽ വീണ്ടും മുഖ്യമന്ത്രിയാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ഫലം അനുകൂലമായാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കി വീണ്ടും ഒന്നിക്കാമെന്ന ചില സൂചനകള്‍ ജെ.ഡി.എസ് നേതൃത്വം നല്‍കുകയും ചെയ്തു. എന്നാൽ മഹാരാഷ്ട്രയിലെ കോൺ​ഗ്രസ് നിലപാടിൽ കുമാരസ്വാമി അതൃപ്തി പ്രകടിപ്പിച്ച് കുമാര സ്വാമി രം​ഗത്തെത്തിയിരുന്നു. അവർക്കാകാമെങ്കിൽ തങ്ങൾക്കുമാകാമെന്നും ശിവസേനയേക്കാൾ നല്ലത് ബിജെപിയാണെന്നുമായിരുന്നു അദ്ദേഹത്തിൻെറ പ്രതികരണം.

Read More >>