ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇ.വി.എമ്മിനും വിവിപാറ്റിനും ജി.പി.എസ്

ഇ.വി.എമ്മും വിവിപാറ്റും നിരീക്ഷിക്കാൻ ജി.പി.എസ് ട്രാക്കർ ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം, എല്ലാ ജില്ലകളിലും 24/7 കൺട്രോൾ റും തുടങ്ങും

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇ.വി.എമ്മിനും വിവിപാറ്റിനും ജി.പി.എസ്

ന്യൂഡൽഹി: ഇ.വി.എമ്മുകളിലും വിവിപാറ്റുകളിലും ജി.പി.എസ് ട്രാക്കർ ഉപയോഗിക്കാനും എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങാനും തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനു ശേഷം ഇ.വി.എമ്മുകളും വിവിപാറ്റുകളും ഹോട്ടലുകളിലും വീടുകളിലും റോഡുകളിലും കണ്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് കമ്മിഷന്റെ നടപടി. ഇ.വി.എമ്മുകളിലേയും വിവിപാറ്റുകളിലേയും കൃത്രിമത്വം തടയുകയും ഇതിന്റെ ലക്ഷ്യമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലാണ് നിർദ്ദേശം പ്രാബല്യത്തിൽ വരുമെങ്കിലും ഇക്കാര്യത്തിൽ ഫെബ്രുവരി 15നു മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വരുന്ന വീഴച്ചകൾ 'ഗൗരവതരമായി' കാണുമെന്നും കമ്മിഷൻ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കൺട്രാൾ റൂമുകൾക്കായി കൂടുതൽ ഉദ്യോഗസ്ഥരെ ഉപയോഗിക്കാം. ജി.പി.എസ് ട്രാക്കര് ഉപയോഗിച്ച് മെഷിനുകൾ മൊബൈലിൽ കൂടി നിരീക്ഷിക്കാൻ സാധിക്കണം. ഇ.വി.എമ്മുകളും വിവിപാറ്റുകളും പ്രത്യേകിച്ച് കേടു വന്ന മെഷിനുകൾക്ക് പകരം ഉപയോഗിക്കാനുള്ള റിസർവ്വ് മെഷിനുകളും കൊണ്ടു പോകുന്നതും കൈകാര്യം ചെയ്യുന്നതും സുഗമമാക്കാനും ഫെബ്രുവരി അഞ്ചിനു കമ്മിഷൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും മെഷിൻ നിർമ്മാതാക്കളായ ഇ.സി.ഐ.എൽ, ബി.ഇ.എൽ കമ്പനികൾക്കും അയച്ച കത്തിൽ പറയുന്നു.

വോട്ടിങ്ങ് കഴിഞ്ഞാൽ ഉപയോഗിക്കാത്ത ഇ.വി.എമ്മുകൾ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. റിസർവ്വ് മെഷിനുകൾ കൊണ്ടു പോകുന്ന വാഹനത്തിന്റെ നമ്പറുകൾ അടക്കമുള്ള വിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എല്ലാ പാർട്ടികൾക്കും കൈമാറണം. ആവശ്യമില്ലാതെ വാഹനങ്ങളിൽ നിന്നും സ്‌ട്രോങ് റൂമിൽ നിന്നും മെഷിനുകൾ എടുക്കരുതെന്ന കർശന നിർദ്ദേശവും കമ്മിഷൻ നൽകിയിട്ടുണ്ട്.

മദ്ധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ചില മണ്ഡലങ്ങളിലെ മെഷിനുകൾ രണ്ടു ദിവസത്തിനു ശേഷമാണ് സ്‌ട്രോങ് റൂമിലെത്തിയത്.ഇ.വി.എമ്മുകൾ കൊണ്ടു പോയ വാഹനം ചില ഹോട്ടലുകളിൽ പോയതും വിവാദമായിരുന്നു.

Read More >>