മഹാരാഷ്ട്രയിൽ ഭരണം ആർക്ക്; ഹരിയാനയിൽ അട്ടിമറിയോ?: വോട്ടെണ്ണൽ തുടങ്ങി

മഹാരാഷ്ട്രയിലെ 288ൽ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്‍റെ അവകാശവാദം. 100 സീറ്റുകളിൽ ശിവസേനയും വിജയപ്രതീക്ഷയിലാണ്.

മഹാരാഷ്ട്രയിൽ ഭരണം ആർക്ക്; ഹരിയാനയിൽ അട്ടിമറിയോ?: വോട്ടെണ്ണൽ തുടങ്ങി

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞ‍െടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാന്‍ ഒരൽപ സമയം ബാക്കി. ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ തുടങ്ങി. മഹാരാഷ്ട്രയില്‍ മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപി ശിവസേന സഖ്യത്തിന് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതൽ 245 വരെ സീറ്റുകൾ നേടുമെന്നാണ് വിവിധ സർവ്വേകൾ പറയുന്നത്.

സംസ്ഥാനത്ത് ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മഹാരാഷ്ട്രയിലെ 288ൽ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്‍റെ അവകാശവാദം. 100 സീറ്റുകളിൽ ശിവസേനയും വിജയപ്രതീക്ഷയിലാണ്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോൺഗ്രസ് എൻസിപി സഖ്യവും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് 42 സീറ്റിലും എൻസിപി 41 ഇടത്തുമാണ് ജയിച്ചത്.

എന്നാൽ ഹരിയാനയില്‍ അട്ടിമറി സാധ്യതകളാണ് എക്സിറ്റുകൾ പ്രവചിക്കുന്നത്.90 അംഗ നിയമസഭയിൽ ബിജെപി 32 മുതൽ 44 വരെ സീറ്റുകൾ നേടും എന്നാണ് പ്രവചനം. കോൺഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും. ജാട്ട് സമുദായത്തിൻെറ വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നുവെന്നാണ് സർവേയിലെ കണ്ടെത്തൽ. ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ആറ് മുതൽ പത്ത് സീറ്റും, മറ്റുള്ളവർക്ക് ആറ് മുതൽ പത്ത് സീറ്റും ഏക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. ഇതോടെ ചെറു പാർട്ടികളെ ഒപ്പം നിറുത്താനുള്ള നീക്കം കോൺഗ്രസും ബിജെപിയും തുടങ്ങിക്കഴിഞ്ഞു.

Read More >>