യുണിസെഫിൽ താരമായി ഭിന്നശേഷിക്കാരന്‍ മേജർ ഗോപാൽ മിത്ര

യുണിസെഫ് ആസ്ഥാനത്താണ് അദ്ദേഹം ഇനി സേവനം അനുഷ്ഠിക്കുക.

യുണിസെഫിൽ താരമായി ഭിന്നശേഷിക്കാരന്‍  മേജർ ഗോപാൽ മിത്ര

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുണിസെഫിൽ നിയമിതനായി ഇന്ത്യൻ സേനയുടെ അഭിമാന താരമായിമാറിയിരിക്കുകയാണ് ഭിന്നശേഷിക്കാരനായ മേജർ ഗോപാൽ മിത്ര. ഇന്ത്യൻ ആർമിയാണ് ഇക്കാര്യം ഔദ്യോഗിക പേജിലൂടെ രാജ്യത്തെ അറിയിച്ചത്. യുണിസെഫ് ആസ്ഥാനത്താണ് അദ്ദേഹം ഇനി സേവനം അനുഷ്ഠിക്കുക.

2000ത്തിൽ ജമ്മുകശ്മീരിൽ സേവനം അനുഷ്ഠിക്കവേയാണ് കുപ് വാര ജില്ലയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ മേജറിന്റെ കാഴ്ച ശക്തി നഷ്ടമായത്.അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാനുള്ള തിരച്ചിൽ നടപടിക്കിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. നിരവധി ശസ്ത്രക്രിയകൾക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും കാഴ്ച ശക്തി തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ലണ്ടൻ സ്്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് ഡവലപ്‌മെന്റ് മാനേജ്‌മെന്റിൽ എം.എസ്.സിയും നേടിയിട്ടുണ്ട്. 1995ലാണ് അദ്ദേഹം ഇന്ത്യൻ കരസേനയുടെ ഭാഗമാവുന്നത്. 1999ലെകാർഗിൽ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് അശരണർക്കുമായി ലോകമെങ്ങും പ്രവർത്തിക്കുന്ന സംഘടനയാണ് യുണിസെഫ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച രാജ്യത്തിലെ കുട്ടികൾക്ക് ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും നൽകുകയെന്ന ലക്ഷ്യത്തോടെ 1946 ഡിസംബർ 11നാണ് യുണൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട് നിലവിൽ വരുന്നത്.

Read More >>