'സവർക്കർ' വിഷയത്തിൽ മൻമോഹനും രാഹുലും രണ്ട് തട്ടിൽ? പ്രസ്താവനകൾ ചർച്ചയാകുന്നു

റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടി പറയവേയാണ് രാഹുൽ ഗാന്ധി സവർക്കറുടെ പേരെടുത്തിട്ടത്

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാം ലീല മൈതാനത്ത് നടത്തിയ 'സവർക്കർ' പ്രസ്താവനയ്ക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ പരാമർശവും ചർച്ചയാകുന്നു. സവർക്കറോട് കോൺഗ്രസിന് എതിർപ്പില്ലെന്ന മൻമോഹൻ സിങ്ങിന്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ കഴിഞ്ഞ ഒക്ടോബറിലാണ് മൻമോഹൻ ഈ പരാമർശനം നടത്തിയത്. 'ഞങ്ങൾ സവർക്കർക്ക് എതിരല്ല. സവർക്കറുടെ ഓർമയ്ക്കായി സ്റ്റാംപ് പുറത്തിറക്കിയത് ഇന്ദിരാഗാന്ധിയാണ്. സവർക്കർജിയുടെ ഹിന്ദുത്വ ആശയത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്.' -എന്നായിരുന്നു മൻമോഹന്റെ പ്രസ്താവന. സവർക്കർക്ക് ഭാരത രത്‌ന നൽകി ആദരിക്കുന്നതിനേയും മൻമോഹൻ പിന്തുണച്ചിരുന്നു.

എന്നാൽ, ഇന്ന് രാഹുൽ ഗാന്ധി സവർക്കർ ഒരു ഭീരുവായിരുന്നുവെന്ന ധ്വനിയിൽ നടത്തിയ പരാമർശം കോൺഗ്രസിനകത്ത് സവർക്കറുടെ കാര്യത്തിൽ രണ്ട് അഭിപ്രായമുള്ളതിന്റെ സൂചനയാണെന്ന് വിമർശകർ ആരോപിക്കുന്നു.

റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പു പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് മറുപടി പറയവേയാണ് രാഹുൽ ഗാന്ധി സവർക്കറുടെ പേരെടുത്തിട്ടത്. തന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും രാഹുൽ സവർക്കർ എന്നല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 'റെയ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടതുപോലെ ഞാൻ മാപ്പു പറയില്ല. എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്, രാഹുൽ സവർക്കർ എന്നല്ല. മാപ്പുപറയേണ്ടത് മോദിയും അമിത്ഷായുമാണ്'-രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, സവർക്കർ മാപ്പപേക്ഷിച്ച ഒരു ഭീരുവായിരുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ശിവസേന നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ് ശിവസേന ഭരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അമിത് മാളവ്യ ശിവസേനയോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More >>