ജാമിയയിലെ പൊലീസ് അതിക്രമം: പരീക്ഷ ബഹിഷ്‌കരിച്ച് മൗലാനാ ആസാദ് സർവകലാശാല വിദ്യാർത്ഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ജാമിയ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടപടിയെടുത്തത്

ജാമിയയിലെ പൊലീസ് അതിക്രമം: പരീക്ഷ ബഹിഷ്‌കരിച്ച് മൗലാനാ ആസാദ് സർവകലാശാല വിദ്യാർത്ഥികൾ

ഹൈദരാബാദ്: ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയിലെ വിദ്യാർത്ഥികൾ പരീക്ഷകൾ ബഹിഷ്‌കരിക്കും. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പരീക്ഷകൾ ബഹിഷ്‌കരിക്കാൻ വിദ്യാർത്ഥികൾ ആഹ്വാനം നൽകിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ജാമിയ വിദ്യാർത്ഥികൾക്കു നേരെ പൊലീസ് നടപടിയെടുത്തത്. സർവ്വകലാശാല അധികൃതരുടെ അനുവാദം പോലും ഇല്ലാതെ കാംപസിനകത്തേക്ക് കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ വൻ അക്രമണമാണ് നടത്തിയത്.

ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി വിദ്യാർഥികളും രാഷ്ട്രീയപ്പാർട്ടികളും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജാമിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ബോംബെ സർവകലാശാല, ,ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികൾ തെരുവിലിറങ്ങി.

ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത അമ്പതോളം വിദ്യാർത്ഥികളേയും വിട്ടയച്ചു.

തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ വിട്ടയച്ചതായി ഡൽഹി പോലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു. 50 വിദ്യാർത്ഥികളിൽ 35 പേരെ കൽകാജി പൊലീസ് സ്റ്റേഷനിൽ നിന്നും 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനി പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് വിട്ടയച്ചത്.

എന്നാൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുമെന്നും തങ്ങൾക്കെതിരെ നടന്ന പൊലീസ് അക്രമത്തിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നും ഉപരോധസമരം മാത്രമാണു പിൻവലിച്ചതെന്നും ജാമിയ വിദ്യാർത്ഥികൾ അറിയിച്ചു.

Read More >>