സർദാർ സരോവർ ഡാം 178 ഗ്രാമങ്ങളെ വെള്ളത്തിലാക്കുന്നു; ശ്രദ്ധിക്കാതെ ഡാമിൽ പിറന്നാൾ ആഘോഷിച്ച് മോദി

എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ജനങ്ങൾ പങ്കു വയ്ക്കുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. പിറന്നാൾ ആഘോഷത്തിനെത്തിയ മോദിയും ജനങ്ങളുടെ ആശങ്കകൾ ശ്രദ്ധിച്ചില്ല

സർദാർ സരോവർ ഡാം 178 ഗ്രാമങ്ങളെ വെള്ളത്തിലാക്കുന്നു; ശ്രദ്ധിക്കാതെ ഡാമിൽ പിറന്നാൾ ആഘോഷിച്ച് മോദി

ന്യൂഡൽഹി: ഗുജറാത്തിലെ സർദാർ സരോവർ ഡാമിൽ 69ാം പിറന്നാൾ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിച്ചു. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിച്ച മോദി വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി.'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മോദിയുടെ വരവ് പ്രമാണിച്ച് നർമ്മദയിലെ സർദാർ സരോവർ അണക്കെട്ട് ബഹുവർണമണിഞ്ഞിരുന്നു.

എന്നാൽ സർദാർ സരോവർ ഡാമിന്റെ സമീപത്തും നദീതീരത്തുമുള്ള 178 ഗ്രാമങ്ങളിലുള്ളവർ മോദിയുടെ ആഘോഷത്തിൽ പങ്കെടുത്തില്ല. പകരം എപ്പോൾ തങ്ങളുടെ ഗ്രാമം വെള്ളത്തിൽ മുങ്ങുമെന്ന ഭീതിയിൽ കഴിയുകയായിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമായാണ് ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമവാസികൾ സാമൂഹ്യ പ്രവർത്തകയും നർമ്മദ ബച്ചാവോ അന്തോളൻ സ്ഥാപകയുമായ മേധ പട്ക്കറിന്റെ നേതൃതത്തിൽ അണക്കെട്ടിനു സമീപം മോദിക്കെതിരെ പ്രതിഷേധപ്രകടനം നടത്തി. നർമ്മദ ഡാം എത്രയം പ്പെട്ടന്നു തുറന്നു വെള്ളക്കെട്ടിനു പരിഹാരം കാണമെന്നാണ് ഇവരുടെ ആവശ്യം. 2017ജൂണിലാണ് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചിട്ടത്.

അണക്കെട്ടിലെ ജലനിരപ്പ് അതിന്റെ ഉയരമായ 128.68 മീറ്റർ ഉയരത്തിൽ എത്താൻ ഏതാനും ഇഞ്ചുകളുടെ കുറവ് മാത്രമാണുള്ളത്. ആദ്യമായാണ് അണക്കെട്ടിൽ ഇത്രയും വെള്ളം നിറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ജനങ്ങൾ പങ്കു വയ്ക്കുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്. പിറന്നാൾ ആഘോഷത്തിനെത്തിയ മോദിയും ജനങ്ങളുടെ ആശങ്കകൾ ശ്രദ്ധിച്ചില്ല.

ഇതുമായി ബന്ധപ്പെട്ടു ഒരു വാക്കുപോലും മോദിയുടെ പ്രസംഗത്തിലുണ്ടായില്ല. സർദാർ ഡാമിന്റെ പരിസരത്ത് ഞായറാഴ്ച ഭൂചനം അനുഭവപ്പെട്ടിരുന്നു. സ്ഫോടനം പോലുള്ള നടുക്കുന്ന ശബ്ദവുമണ്ടായതായി ഗ്രാമവാസികൾ പറഞ്ഞു. ഒരു ജലസംഭരണിയിൽ വെള്ളം നിറയുമ്പോൽ അത് ഭൂമിയിൽ ചെലുത്തുന്ന മർദ്ദം വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുണ്ടാകുന്ന റിസർവോയർ ഇൻഡ്യൂസ്ഡ് സൈസമിസിറ്റിയാണ് ഈ ഭൂചനങ്ങൾ.

ഡാമിൽ വെള്ളം അമിതമായി ശേഖരിക്കുന്നതിന്റെ ഭാഗമായി നദീതീരത്തുള്ള പല ഗ്രാമങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പല വീടുകളും വെള്ളത്തിൽ കുതിർന്നു നിലം പൊത്താനായി നിൽക്കുകയാണ്. പല വീടുകളുടെ ചുമരുകളും ഇടിഞ്ഞു വീണു. ഒരാഴ്ചയായി ഇവിടത്തെ റോഡുകൾ വെള്ളത്തിലാണ്. എന്നിട്ടും ഇവിടെയുള്ളവരെ സർക്കാർ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടില്ല. ആദിവാസി കുടുംബങ്ങളാണ് ഇവിടെ അധികവും. ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങളുമായി മേധ പട്ക്കർ നടത്തുന്ന നിരാഹാര സമരം ഒമ്പത് ദിവസം പിന്നിട്ടിട്ടുണ്ട്.

2008ൽ പ്രധാനമന്ത്രി മൻമോഹൻ സിങ് ഒപ്പു വച്ച് സുപ്രിം കോടതിയിൽ നൽകിയ കരാർ പ്രകാരം തദ്ദേശവാസികളെ പുനരധിവസിപ്പിച്ച ശേഷം മാത്രമേ ഡാമുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടൊള്ളു. എന്നാൽ ഇതു ലംഘിച്ചാണ് നിലവിലെ സർക്കാർ 2016 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനെ തുടർന്നു ഈ ഗ്രാമങ്ങൾ വെള്ളത്തിടിയിലായിരിക്കുകയാണ്. പുനരധിവാസത്തിനായി കണ്ടെത്തിയ പ്രദേശത്തും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതും ആശങ്കയുണർത്തുന്നുണ്ടെന്നും പട്ക്കർ പറഞ്ഞു.

1979ൽ ആരംഭിച്ച അണക്കെട്ട് നിർമ്മാണത്തിനു വേണ്ടി നദീ തീരത്തെ 48,000 പേരെയാണ് ഒഴിപ്പിച്ചത്. 16000 പേർ പുനരധിവസിപ്പിക്കപ്പെട്ടെങ്കിലും ബാക്കിയുള്ളവർ പദ്ധതിയുടെ പ്രത്യാഘാതങ്ങളും പേറി ജീവിക്കുകയാണ്. വെള്ളം കെട്ടി നിൽക്കുന്നത് കാരണം 100 ഹെക്ടർ കൃഷിയും നശിച്ചിട്ടുണ്ട്.

Read More >>