രാഹുലിന്‍റെ പരാമര്‍ശം വേദനിപ്പിച്ചു, മന്‍മോഹന്‍ ചോദിച്ചു 'ഞാൻ രാജി വയ്ക്കണോ?': വെളിപ്പെടുത്തലുമായി മൊണ്ടേക്‌ സിങ്‌ അലുവാലിയ

കോണ്‍ഗ്രസ്‌ നേതൃത്വവും മന്ത്രിസഭയും ഓര്‍ഡിനന്‍സിന്‌ അനുമതി നല്‍കിയിരുന്നെങ്കിലും ഓർഡിനൻസ് കീറികളയേണ്ടതാണെന്നും ഇത് അസംബന്ധമാണെന്നും രാഹുൽ പറഞ്ഞിരുന്നു.

രാഹുലിന്‍റെ പരാമര്‍ശം വേദനിപ്പിച്ചു, മന്‍മോഹന്‍ ചോദിച്ചു

ന്യൂഡൽഹി: യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനു പിന്നാലെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്‌ രാജിവയ്‌ക്കാന്‍ ആലോചിച്ചിരുന്നതായി മുൻ പ്ലാനിങ്‌ കമ്മിഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്ന മൊണ്ടേക്‌ സിങ്‌ അലുവാലിയയുടെ വെളിപ്പെടുത്തൽ. ഗുരുതരമായ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍തന്നെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി തീരുമാനം മറികടക്കാനാണു മന്‍മോഹന്‍ സര്‍ക്കാര്‍ 2013 ല്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വവും മന്ത്രിസഭയും ഓര്‍ഡിനന്‍സിന്‌ അനുമതി നല്‍കിയിരുന്നെങ്കിലും ഓർഡിനൻസ് കീറികളയേണ്ടതാണെന്നും ഇത് അസംബന്ധമാണെന്നും രാഹുൽ പറഞ്ഞിരുന്നു.

സംഭവം മൻമോഹന് മനോവിഷമത്തിനിടയാക്കിയെന്നും താൻ രാജിവക്കേണ്ടതുണ്ടോ എന്ന് മൻമോഹൻ ചോദിച്ചുവെന്നും അലുവാലിയ. 'ബാക്ക്സ്റ്റേജ്: ദ് സ്റ്റോറി ബിഹൈൻഡ് ഇന്ത്യാസ് ഹൈ ഗ്രോത്ത് ഇയേഴ്സ്' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തി. മൻമോഹൻ സിങും അലുവാലിയയും ന്യൂയോർക്ക് സന്ദർശനത്തിലായിരുന്നു. അലുവാലിയയുടെ സഹോദരൻ എഴുതി അയച്ച വിവാദ ലേഖനത്തിൽ മൻ‌മോഹനെതിരെയുള്ള വിമർശനങ്ങൾ വായിച്ച ശേഷം അദ്ദേഹം ചോദിച്ചു: ഞാൻ രാജി വയ്ക്കണോ? എന്നാൽ രാജി വയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് അലുവാലിയ പറഞ്ഞു.

അതേസമയം യുഎസ്സില്‍ നിന്ന് മടങ്ങുന്നതിനിടെ ഈ വിഷയത്തില്‍ രാജിവെക്കില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ നടപടിയിൽ കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും അലുവാലിയ വെളിപ്പെടുത്തുന്നു.

Next Story
Read More >>