വിധി അംഗീകരിക്കുന്നു, തൃപ്തിയില്ല; റിവ്യൂ ഹർജി നൽകും: മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നുവെന്ന് ജിലാനി

വിധി അംഗീകരിക്കുന്നു, തൃപ്തിയില്ല; റിവ്യൂ ഹർജി നൽകും: മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ന്യൂഡൽഹി: അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി ഭൂമി കേസിൽ സുപ്രീം കോടതി വിധിയിൽ തൃപ്തിയില്ലെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ്. പ്രതീക്ഷയ്ക്കു വിരുദ്ധമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. വിധിയെ മാനിക്കുന്നു, എന്നാൽ നീതി ലഭിച്ചതായി കരുതുന്നില്ല. ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും മുസ്ലിം പേഴ്സണൽ ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി പറഞ്ഞു.

ജഡ്ജിമാരുടെ തീരുമാനത്തിൽ പിഴവുകൾ സംഭവിക്കാം റിവ്യൂ നൽകുക എന്നത് അവകാശമാണ് . കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചല്ല സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ചിന്റെ വിധി പ്രസ്താവന. തർക്കഭൂമിയിൽ ഹിന്ദു ആരാധനകൾ നടത്തി എന്നു കണ്ടെത്താൻ കോടതി ആശ്രയിച്ച രേഖകളിൽ തന്നെ അവിടെ നമസ്‌കാരം നടന്നിരുന്നു എന്നതിനും തെളിവുകളുണ്ട്. പള്ളിയുടെ പുറംമുറ്റത്തിൽ ഹിന്ദുക്കൾക്ക് അവകാശമുണ്ട് എന്നകാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. എന്നാൽ, നമസ്‌കാരം നടന്നതടക്കമുള്ള അകംമുറ്റവും മറുപക്ഷത്തിന് നൽകിയതിനെ നീതി എന്നു വിളിക്കാൻ കഴിയില്ല. അവിടെ പള്ളിയായിരുന്നു എന്നതിന് മറുഭാഗം ഹാജരാക്കിയ രേഖകളിൽ തന്നെ തെളിവുണ്ട്. ഇക്കാര്യം റിവ്യൂ ഹരജിയിൽ ചൂണ്ടിക്കാട്ടും.

ബാബരി മസ്ജിദിനു പകരം ഭൂമി എന്ന വിധി നീതിയായി കരുതുന്നില്ല. പള്ളിക്ക് പകരമായി മറ്റൊന്നുമില്ല. ശരീഅത്ത് പ്രകാരം പള്ളി കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയുന്നതല്ല. ആരാധന നടന്നിരുന്ന പള്ളി മറ്റൊരു വിഭാഗത്തിന് കൈമാറുന്നത് നീതിയല്ല. പക്ഷേ, കോടതിയുടെ വിധി അംഗീകരിക്കും. റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കൂടുതൽ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ജനങ്ങളോട് സമാധാനം പുലർത്താൻ ആവശ്യപ്പെടുകയും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിരീക്ഷണങ്ങളിൽ രാജ്യത്തെ മതേതര സംവിധാനത്തിന് ഉപകാരമപ്രദമായ കാര്യങ്ങളുണ്ട്. ഒരു വിഭാഗത്തിന്റെ വിശ്വാസം മറ്റൊരു വിഭാഗത്തിന്റെ വിശ്വാസത്തിന് മുകളിലല്ല എന്നകാര്യം കോടതി പരിഗണിക്കണമായിരുന്നുവെന്നും ജിലാനി പറഞ്ഞു.

Read More >>