ഒരിക്കലും നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തരുത്; രാഹുൽ ഗാന്ധിക്കെതിരെ വെങ്കയ്യാ നായിഡു

പുണെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാഹുലിൻെറ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി രാഹുലിനെതിരെ രം​ഗത്തെത്തിയത്.

ഒരിക്കലും നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തരുത്; രാഹുൽ ഗാന്ധിക്കെതിരെ വെങ്കയ്യാ നായിഡു

ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു. നാം ഒരിക്കലും നമ്മുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നും ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പുണെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാഹുലിൻെറ പേരെടുത്ത് പറയാതെ ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യക്ക് മോശം പേരു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ എന്തിന്റെയോ തലസ്ഥാനമാണെന്നോ മറ്റോ ആരോ പറഞ്ഞു. അതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം ആതിക്രമങ്ങളെ രാഷ്ട്രീയവത്കരിക്കരുത്.'- അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങളിൽ പുതിയ നിമയങ്ങള്‍ കൊണ്ടു വരുകയെന്നത് ഒരു പരിഹാരമല്ല. പുതിയ നിമയം കൊണ്ടുവരുന്നതിലും ബില്ലു കൊണ്ടുവരുന്നതിനും എതിരല്ല ഞാന്‍. നിര്‍ഭയയില്‍ നമ്മള്‍ ബില്‍ കൊണ്ടുവന്നു. എന്തു സംഭവിച്ചു, പ്രശ്‌നം പരിഹരിക്കപ്പെട്ടോ?- അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ പാരമ്പര്യമനുസരിച്ച് സ്ത്രീകളെ നമ്മള്‍ അമ്മയായും സഹോദരിയായുമാണ് കാണുന്നത്. എന്നാൽ സമീപകാലത്ത് എന്തു സംഭവിച്ചു. അതെല്ലാവർക്കും നാണക്കേടാണ്.- അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചായാണ് ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ പ്രസ്താവന നടത്തിയത്. 'ലോകത്തിന് മുമ്പിൽ ഇന്ത്യ ഇന്ന് ബലാത്സംഗ തലസ്ഥാനമായി മാറിയിരിക്കുകയാണ്. സ്വന്തം രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയോട് ചോദിക്കുന്നത്. ഉത്തർപ്രദേശിൽ ഒരു ബി.ജെ.പി എം.എൽ.എ തന്നെ ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്ക് പോലും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.

ബി.ജെ.പി എം.എൽ.എക്കെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി സഞ്ചരിച്ച കാർ, ട്രക്കുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടും പ്രധാനമന്ത്രി മൗനം തുടർന്നു. എന്നും അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് മതത്തേയും സംസ്‌ക്കാരത്തേയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്നാണ്. ഒരു മതവും വിദ്വഷവും അക്രമവും പഠിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കാത്തത്?'- രാഹുൽ ഗാന്ധി ചോദിച്ചു.

നേരത്തേ, ഉത്തര്‍പ്രദേശിന്‍റെ ബലാത്സംഗ തലസ്ഥാനമായി ഉന്നാവോ മാറിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ആരോപിച്ചിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികളും കൂട്ടാളികളും ചേര്‍ന്ന് ചുട്ടുകൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധി ഈ പ്രസ്താവന നടത്തിയത്.

Read More >>