പൗരന്മാരുടെ സുരക്ഷ സർക്കാരിന്റെ ചുമതലയാണ്; പ്രിയങ്കയുടെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി ഭർത്താവ് റോബർട്ട് വദ്ര

നവംബർ നാലിനാണ് പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചത്

പൗരന്മാരുടെ സുരക്ഷ സർക്കാരിന്റെ ചുമതലയാണ്; പ്രിയങ്കയുടെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി ഭർത്താവ് റോബർട്ട് വദ്ര

ന്യൂഡൽഹി: എസ്.പി.ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ നവംബർ 26ന് ഒരു സംഘം പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവം പുറത്തുവന്നതിന് പിന്നാലെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഭർത്താവ് റോബർട്ട് വദ്ര. രാജ്യത്തുടനീളം പൗരന്മാരുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ പൗരന്മാരുടേയും സുരക്ഷ സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

' ഇത് പ്രിയങ്കയുടേയോ, എന്റെ മകളുടേയോ മകന്റേയോ എന്റേയോ ഗാന്ധി കുടുംബത്തിന്റേയോ സുരക്ഷയുടെ കാര്യമല്ല. ഇത് നമ്മുടെ രാജ്യത്തെ പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമാണ്. പെൺകുട്ടികൾ ലൈംഗിക ചൂഷണങ്ങൾക്കും ബലാത്സംഗത്തിനും ഇരയാക്കപ്പെടുന്നു. എന്ത് തരം സമൂഹത്തേയാണ് നമ്മൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്? ഓരോ പൗരന്റേയും സുരക്ഷ സർക്കാരിന്റെ ബാദ്ധ്യതയാണ്. നമ്മുടെ സ്വന്തം രാജ്യത്തോ, വീട്ടിലോ, റോഡിലോ, രാത്രിയോ പകലോ ഒന്നും നമ്മൾ സുരക്ഷിതരല്ലെങ്കിൽ, എവിടെയാണ്, എപ്പോഴാണ് നമ്മൾ സുരക്ഷിതരായിരിക്കുക?-വദ്ര ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.

നവംബർ നാലിനാണ് പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമുള്ള എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചത്. നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇവർക്കുള്ളത്. എസ്.പി.ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ നവംബർ 26ന് കാറിലെത്തിയ അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റിയിരുന്നു. വീട്ടിൽ പ്രവേശിച്ച സംഘം ഫോട്ടോയെടുത്തതായും പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇസഡ്-പ്ലസ് സുരക്ഷയ്ക്ക് കീഴിൽ സിആർപിഎഫ് അർദ്ധസൈനിക വിഭാഗത്തിൽ നിന്നുള്ള കമാൻഡോകൾ എന്നിവരുടെ കാവൽ വീടുകളിൽ ഉണ്ടാകും. കൂടാതെ രാജ്യത്ത് എവിടെയെങ്കിലും യാത്രചെയ്യുമ്പോഴും കമാൻഡോകളുടെ സുരക്ഷ ഉണ്ടാകും. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷയുള്ളത്.

Read More >>