ഈ തുഗ്ലക് പരിഷ്‌കാരത്തിന്റെ ഉത്തരവാദിത്വം ആരേൽക്കും; നോട്ടുനിരോധനത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക

നോട്ടു നിരോധനത്തിന്റെ വാർഷികത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തി

ഈ തുഗ്ലക് പരിഷ്‌കാരത്തിന്റെ ഉത്തരവാദിത്വം ആരേൽക്കും; നോട്ടുനിരോധനത്തിൽ മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം. ' നോട്ട് നിരോധിച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് പറഞ്ഞാണ് നോട്ട് നിരോധനമെന്ന മുറിവൈദ്യം കേന്ദ്രം നടപ്പിലാക്കിയത്. എന്നാൽ, ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാം തകരുകയാണ് ചെയ്തത്. സാമ്പത്തിക നില തകർത്ത ഒരു ദുരന്തമായിരുന്നു നോട്ട് നിരോധനം. ഇപ്പോൾ ആരാണ് ഈ തുഗ്ലക് പരിഷ്‌കാരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക?'-പ്രിയങ്ക ട്വീറ്റ് ചെയ്തു.


നോട്ടു നിരോധനത്തിന്റെ വാർഷികത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തി. നോട്ടു നിരോധനത്തെ 'ഭീകരാക്രമണം' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. ഒരുപാട് ആളുകളുടെ ജീവിതം നഷ്ടമായതിന്, ചെറുകിട വ്യവസായങ്ങളെ തുടച്ചുമാറ്റിയതിന്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാക്കിയതിനെല്ലാം കാരണം നോട്ടു നിരോധനമാണെന്നും രാഹുൽ ആരോപിച്ചു. 'ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെറിഞ്ഞ നോട്ടു നിരോധനമെന്ന ഭീകരാക്രമണം നടന്നിട്ട് മൂന്നു വർഷം. ഒരുപാട് ആളുകളുടെ ജീവിതം നഷ്ടമായതിന്, ചെറുകിട വ്യവസായങ്ങളെ തുടച്ചുമാറ്റിയതിന് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമാക്കി. ഈ ക്രൂരമായ ആക്രമണം നടത്തിയവരെ ഇതുവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല'- രാഹുൽ ആരോപിച്ചു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട മാദ്ധ്യമ റിപ്പോർട്ടുകളും അദ്ദേഹം പങ്കുവച്ചു.

2016 നവംബർ 8 ന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500,1000 നോട്ടുകൾ പിൻവലിച്ചത്.

Read More >>