'ഒരു പെെസ പോലും തിരിച്ചടച്ചിട്ടില്ല'; വിജയ് മല്യക്കെതിരെ പൊട്ടിത്തെറിച്ച് ജസ്റ്റിസ് റോഹിന്റൺ നരിമാൻ

വായ്പ തിരിച്ചടയ്ക്കാമെന്ന് മല്യ പറയുന്നുണ്ടെങ്കിലും ഇതുവരേയും ഒരു പെെസ പോലും തിരിച്ചടച്ചിട്ടില്ലെന്ന് ഈ മാസം നടന്ന അവസാന ഹിയറിംഗിൽ കേന്ദ്രത്തിന് വേണ്ടി ഹാജറായ തുഷാർ മേത്ത വാദിച്ചു.

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് റോഹിന്റൺ നരിമാൻ. വായ്പയെടുത്ത തുകയിൽ ഒരു പെെസപോലും വിജയ് മല്യ തിരിച്ചടച്ചിട്ടില്ലെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. സ്വത്തുക്കൾ കണ്ടു കെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മല്യ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയപ്പോഴായിരുന്നു ജസ്റ്റിസ് നരിമാൻെറ വിമർശനം.

തുടർന്ന് ഹർജി പരി​ഗണിക്കുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് നരിമാൻ പിന്മാറുകയും ചെയ്തു. ഇതോടെ ഹർജി പരി​ഗണിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ബോബ്ഡെ അദ്ധ്യക്ഷനായി പുതിയ ബെഞ്ച് രൂപീകരിക്കും. സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണിലാണ് മല്യ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

തനിക്കെതിരെയുള്ള അന്വേഷണ ഏജന്‍സികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും. വായ്പ തിരിച്ചടയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ വിസമ്മതിച്ചെന്നുമാണ് ഹർജിയിൽ മല്യ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വായ്പ തിരിച്ചടയ്ക്കാമെന്ന് മല്യ പറയുന്നുണ്ടെങ്കിലും ഇതുവരേയും ഒരു പെെസ പോലും തിരിച്ചടച്ചിട്ടില്ലെന്ന് ഈ മാസം നടന്ന അവസാന ഹിയറിംഗിൽ കേന്ദ്രത്തിന് വേണ്ടി ഹാജറായ തുഷാർ മേത്ത വാദിച്ചു.

ഇപ്പോൾ പ്രവർത്തനരഹിതമായ കിംഗ്ഫിഷർ എയർലൈൻസിൻെറ പേരിൽ 9,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് പിന്നാലെ 2016 മാർച്ചിലാണ് മല്യ രാജ്യം വിടുന്നത്. കഴിഞ്ഞ വർഷം ഡൽഹി കോടതി ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി മല്യയെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു.

Next Story
Read More >>