ആരാണ് രാജ്യദ്രോഹി, ആരാണ് രാജ്യസ്നേഹി എന്ന് ജനങ്ങൾ തീരുമാനിക്കണം; ജാമിയയിലെ പൊലീസ് അതിക്രമത്തിൽ മോദി സർക്കാറിനെതിരെ പ്രശാന്ത് ഭൂഷൺ

ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആരാണ് രാജ്യദ്രോഹി, ആരാണ് രാജ്യസ്നേഹി എന്ന് ജനങ്ങൾ തീരുമാനിക്കണം; ജാമിയയിലെ പൊലീസ് അതിക്രമത്തിൽ മോദി സർക്കാറിനെതിരെ പ്രശാന്ത് ഭൂഷൺ

ജാമിയ മിലിയ സര്‍വകലാശാലയില്‍ വായനാമുറിയില്‍ കടന്ന് പൊലീസുകാര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെയുള്ള വിമർശനം കടുപ്പിച്ച് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. ആരാണ് രാജ്യദ്രോഹി, ആരാണ് രാജ്യസ്നേഹി എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷണിൻെറ പ്രതികരണം.

പൊലീസ് അതിക്രമത്തിൻെറ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം മോദി സർക്കാറിനെതിരെ വീണ്ടും രം​ഗത്തെത്തിയത്. '' രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ഈ സർക്കാറിലെ മന്ത്രി പറഞ്ഞിരുന്നു. ഈ വീഡിയോയിൽ, ജാമിയ വിദ്യാർത്ഥികൾ ലൈബ്രറിയിൽ ഒരു വശത്ത് നിശബ്ദമായി പഠിക്കുന്നു, മുഖം മറച്ച യൂണിഫോം ധാരികൾ അവരെ ക്രൂരമായി ആക്രമിക്കുന്നു. ആരാണ് രാജ്യദ്രോഹി, ആരാണ് രാജ്യസ്നേഹി എന്ന് നിങ്ങൾ തീരുമാനിക്കണം'' - പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥി തന്റെ ഫേസ്ബുക്കിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്നതിനിടെ കഴിഞ്ഞ 2019 ഡിസംബര്‍ 15നായിരുന്നു സംഭവം.

സർവ്വകലാശാല അധികൃതരുടെ അനുവാദമില്ലാതെ പൊലീസ് കാമ്പസില്‍ കയറി നടത്തിയ അക്രമത്തിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. വൈകീട്ട് നാലുമണിയോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഡല്‍ഹിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് കാമ്പസിനകത്ത് കയറിയ പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു.

Next Story
Read More >>