ട്രംപിനുവേണ്ടി ചെലവിടുന്ന പണത്തിൽ എന്തിനാണ് ഈ ഒളിച്ചുകളി? നിങ്ങൾ പറഞ്ഞ സമിതിയിലുള്ളവർക്ക് അവരതിൽ അംഗങ്ങളാണെന്നുപോലും അറിയില്ല- കേന്ദ്രത്തെ കടന്നാക്രമിച്ചു പ്രിയങ്ക

അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപിനെ സ്വീകരിക്കാനായി നഗരം മുഖം മിനുക്കുന്നതിന് 80-85 കോടിയാണ് ചെലവാക്കുന്നത്

ട്രംപിനുവേണ്ടി ചെലവിടുന്ന പണത്തിൽ എന്തിനാണ് ഈ ഒളിച്ചുകളി? നിങ്ങൾ പറഞ്ഞ സമിതിയിലുള്ളവർക്ക് അവരതിൽ അംഗങ്ങളാണെന്നുപോലും അറിയില്ല- കേന്ദ്രത്തെ കടന്നാക്രമിച്ചു പ്രിയങ്ക

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനുവേണ്ടി ചെലവഴിക്കുന്ന പണത്തിൽ എന്തിനാണ് നരേന്ദ്ര മോദി സർക്കാർ ഒളിച്ചുകളി നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്രംപിനുവേണ്ടി എത്ര തുക ചെലവഴിക്കുന്നുവെന്നും അത് ഏത് മന്ത്രാലയമാണ് നൽകുന്നത് എന്നും അറിയാൻ രാജ്യത്തിന് അവകാശമില്ലേയെന്നും പ്രിയങ്ക ട്വിറ്ററിൽ ചോദിച്ചു.

100 കോടി രൂപയാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനുവേണ്ടി ചെലവഴിക്കുന്നത്. എന്നാൽ, ഈ പണം ഒരു കമ്മിറ്റി വഴിയാണ് വിനിയോഗിക്കുന്നത്. ഈ കമ്മിറ്റിയിലുള്ളവർക്ക് തങ്ങൾ ഇതിൽ അംഗങ്ങളാണെന്നുപോലും അറിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

"100 കോടി രൂപയാണ് പ്രസിഡന്റ് ട്രംപിന്റെ വരവിനായി ചെലവഴിക്കുന്നത്. പക്ഷേ ഈ പണം ഒരു കമ്മിറ്റി വഴിയാണ് വിനിയോഗിക്കുന്നത്. ഈ കമ്മിറ്റിയിലുള്ളവക്ക് അവർ ഇതിൽ അംഗങ്ങളാണെന്നുപോലും അറിയില്ല. ഏത് മന്ത്രാലയമാണ് പണം ചെലവഴിക്കുന്നത് എന്നും എത്ര തുകയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത് എന്നും അറിയാൻ രാജ്യത്തിന് അവകാശമില്ലേ? ഈ കമ്മിറ്റിയുടെ കണ്ണിൽ നിന്നും എന്താണ് സർക്കാർ മറയ്ക്കുന്നത്?"- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഫെബ്രുവരി 24ന് ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ട്രംപിനെ സ്വീകരിക്കാനായി മാത്രം നൂറു കോടി രൂപയാണ് ചെലവഴിക്കുന്നത്. അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപിനെ സ്വീകരിക്കാനായി നഗരം മുഖം മിനുക്കുന്നതിന് 80-85 കോടിയാണ് ചെലവാക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിന്റെ മൊത്തം വാർഷിക ബജറ്റിന്റെ ഒന്നര ശതമാനം വരുമിത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയ്ക്കു മുമ്പിൽ 12000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള 22 കിലോമീറ്റർ ദൂരത്ത് ഒരു ലക്ഷത്തോളം പേരെ അണി നിരത്താനാണ് തീരുമാനം. ട്രംപ് നാഗരിക് അഭിന്ദൻ സിമിതി എന്ന സംഘടനയാണ് 'നമസ്തേ ട്രംപ്' എന്ന പരിപാടി നടത്തുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം.

ട്രംപ് ഒരു ലക്ഷം പേരെ അഭിസംബോധന ചെയ്യുന്ന സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യ വികസത്തിനായി മാത്രം 30 കോടി രൂപ ചെലവിട്ടു എന്നാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ പറയുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് ടാർ ചെയ്തിട്ടുണ്ട്. ചേരികൾ അടക്കുള്ള പ്രദേശങ്ങളിൽ അഞ്ചടി ഉയരമുള്ള മതിലുകളും നിർമിച്ചു. പൂച്ചെടികൾ വച്ചു പിടിപ്പിച്ച് പാതയോങ്ങൾ മനോഹരമാക്കിയിട്ടുമുണ്ട്. സൗന്ദര്യവൽക്കരണത്തിനായി മാത്രം ആറു കോടി രൂപയാണ് ചെലവഴിക്കുന്നത്.

എന്നാൽ, ഇത്രയേറെ ആർഭാടപൂർണ്ണമായ സ്വീകരണം നൽകുമ്പോഴും യു.എസുമായി എത്ര കരാറുകൾ ഒപ്പിടുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്രസർക്കാരിന്റെ പക്കലില്ല. ഏകദേശം അഞ്ചു ധാരണാ പത്രങ്ങൾ ചർച്ചയിലാണ് എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിദേശകാര്യ വക്താവ് രവീഷ് കുമാർ മറുപടി നൽകിയത്. സുരക്ഷ, വ്യാപാരം അടക്കമുള്ള കാര്യങ്ങൾ ഇരുരാഷ്ട്രങ്ങളും തമ്മിൽ ചർച്ച ചെയ്യും. കരാറുകൾ യാഥാർത്ഥ്യമാകാൻ ഒരു അന്തിമ തിയ്യതി വയ്ക്കുന്നില്ല. ജനങ്ങളുടെ താത്പര്യമാണ് പ്രധാനമെന്നും രവീഷ് പറഞ്ഞു. നമസ്തേ ട്രംപ് പരിപാടി ഡൊണാൾഡ് ട്രംപ് നാഗരിക് അഭിന്ദൻ സിമിതി എന്ന സംഘടനയാണ് നടത്തുന്നത് എന്നും ആരെ ക്ഷണിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, ഇന്ത്യയുമായി വ്യാപാരക്കരാർ നിലവിലെ സന്ദർശനത്തിൽ ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Next Story
Read More >>