ധ്യാനം കഴിഞ്ഞു രാഹുലെത്തുന്നു; ഞായറാഴ്ച മുതൽ പ്രചാരണ മുഖത്ത്

ഒക്ടോബർ 13 മുതൽ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും.

ധ്യാനം കഴിഞ്ഞു രാഹുലെത്തുന്നു; ഞായറാഴ്ച മുതൽ പ്രചാരണ മുഖത്ത്

ന്യൂഡൽഹി: കംബോഡിയ സന്ദർശനത്തിനു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരിച്ചെത്തി. ഒക്ടോബർ 13 മുതൽ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 21നാണ് രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ ലാത്തൂരിൽ നിന്നുള്ള ബാസവ് രാജ് മാധവ് റാവു, മുംബൈ സബർബനിയിൽ നസീംഖാൻ, ധാരാവിയിൽ നിന്നുള്ള വർഷ ഗേയ്ക്‌വാദ് എന്നിവരുടെ പ്രചാരണപരിപാടികളിലായിരിക്കും രാഹുൽ പങ്കെടുക്കുക. ഹരിയാനയിൽ ഒക്ടോബർ 14ന് സ്ഥാനാർത്ഥികൾക്കായി രാഹുൽ പ്രചാരണ പരിപാടികളിൽ പങ്കാളിയാവും.ഇവിടെ വളരെ ചുരുക്കം പരിപാടികളിൽ മാത്രമായിരിക്കും രാഹുൽ പങ്കെടുക്കുക. പിന്നീട് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കാംപെയ്‌നിലേക്ക് തിരിച്ചു പോവും.

രാഹുൽ ഗാന്ധി ഒക്ടോബർ 13,15 തിയതികളിൽ മഹാരാഷ്ട്രയിൽ പ്രചാരണപരിപാടിയിൽ പങ്കെടുക്കുമെന്നും 14ന് ഹരിയാനയിലായിരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ രാഹുൽഗാന്ധി കംബോഡിയയിൽ വിപാസന ധ്യാനത്തിനായി പോയതാണെന്നായിരുന്നു പുറത്തുവന്ന വിവരം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ധ്യാനത്തിന് പോയിരുന്നു. മ്യാന്മറിലും കംബോഡിയയിലുമായി ധ്യാന കേന്ദ്രത്തിൽ 56 ദിവസമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ധ്യാനത്തിന് ശേഷമുള്ള രാഹുലിന്റെ രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ ഊർജസ്വലവും കർക്കശവുമായിരുന്നു. ഈ വരവിന് ശേഷവും അത്തരം ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചതിന് ശേഷം പാർട്ടി യോഗങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും രാഹുൽ നിലവിൽ അകലം പാലിക്കുകയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് ആയതു കൊണ്ടു തന്നെ രാഹുലിന്റെ പ്രചാരണരീതി എങ്ങനെ ആകും എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. ബി.ജെ.പി സർക്കാരിന്റെ ഭരണപരാജയങ്ങളും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണപരിപാടികളിൽ ഉയർത്തിക്കാണിക്കും.

Read More >>