ചിദംബരത്തെ തടവിലാക്കിയത് പ്രതികാരവും പകപോക്കലും; നിരപരാധിത്വം തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്.

ചിദംബരത്തെ തടവിലാക്കിയത് പ്രതികാരവും പകപോക്കലും; നിരപരാധിത്വം തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തെ തടവിലാക്കിയത് പ്രതികാരവും പകപോക്കലുമാണെന്ന് പാർട്ടി മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി. സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതില്‍ സന്തുഷ്ടനാണെന്നും വിചാരണവേളയില്‍ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ആത്മ വിശ്വസമുള്ളതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

'പി.ചിദംബരത്തെ 106 ദിവസം തടവിലാക്കിയത് പ്രതികാരവും പകപ്പോക്കലുമായിരുന്നു. സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതില്‍ താന്‍ സന്തുഷ്ടനാണ്. വിചാരണവേളയില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തിയത്. ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കി എന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്.

എയര്‍സെല്‍- മാക്‌സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ചിദംബരം കസ്റ്റഡിയിലുള്ളത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ആദായ നികുതി വകുപ്പ് ഇതേ കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More >>